മേഘാലയ ചീഫ് സെക്രട്ടറിയായ ക​ണ്ണൂ​ർ സ്വ​ദേ​ശി ഡോ. ​ഷ​ക്കീ​ൽ അ​ഹ​മ്മ​ദിനെപ്പറ്റി ഹൃദയസ്പര്‍ശിയായ ഫെയ്സ്ബുക്ക് കുറിപ്പുമായി മുന്‍ ചീഫ് സെക്രട്ടറി വേണു വാസുദേവന്‍. 34 വർഷത്തെ തന്‍റെ സിവിൽ സർവീസ് ജീവിതത്തിൽ ഏറ്റവും ഹൃദയപൂർവ്വം ഓർമ്മിക്കുന്ന ഒരു പേരേതെന്നു ചോദിച്ചാൽ, ഡോക്ടർ ഷക്കീൽ അഹമ്മദ് ഐഎഎസ് എന്ന് നിസ്സംശയം പറയുമെന്ന് വേണു വാസുദേവന്‍ കുറിച്ചു.

ഈ മഹാരാജ്യത്ത് ഷക്കീലിനു പകരം വയ്ക്കാൻ മറ്റൊരാളില്ല എന്ന് അദ്ദേഹത്തിനെ അറിയുന്നവർ പറയും. ഇതൊരു ഇന്ത്യൻ അപൂർവ്വതയാണ്. കഠിനാധ്വാനിയും പ്രതിഭാശാലിയും. മനുഷ്യർക്കായി നിലകൊള്ളുന്ന തെളിഞ്ഞ സേവനമനോഭാവവും.. കലാകാരൻ, ഫുട്ബോൾ താരം, ഷെഫ് - ഷക്കീലിന്റെ സവിശേഷതകൾ പറഞ്ഞാൽ തീരില്ല. രസകരമായിരുന്നു ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച. 1991 എൻറെ വിവാഹ റിസപ്ഷൻ സമയത്ത് ചെറുപ്പക്കാരനായ ഹോമിയോ ഡോക്ടർ മടിച്ചു കയറി വന്നു. എന്റെ കൈപിടിച്ച് കുലുക്കി വിവാഹാശംസ തന്നതിനുശേഷം ചെവിയിൽ സ്വകാര്യം പറഞ്ഞു. “ഏട്ടാ ങ്ങള് മ്മളെ വിളിച്ചിട്ടൊന്നുല്ലട്ടോ. ഞാനിങ്ങളെ കാണാൻ വന്നതാണ് “ ഞാൻ അത്ഭുതപ്പെട്ടുപോയി.

നിർമ്മലതയുടെ, നിഷ്കളങ്കതയുടെ പാക്കേജ്. ഒരൽപം കിറുക്കുണ്ടോ എന്ന് തോന്നാവുന്ന കുസൃതി. സിവിൽ സർവീസ് പഠനം എങ്ങനെ ചെയ്യണം എന്ന് ചോദിയ്ക്കാൻ വന്നതാണ്. അന്ന് തുടങ്ങി ഞങ്ങളുടെ സൗഹൃദം. അന്നുമുതൽ ഞാൻ ഈ യുവാവിനെ മനസ്സിലാക്കുകയാണ്. ഗ്രാമീണ തീരദേശത്തിന്റെ ചുറ്റുപാടിൽ നിന്ന് എല്ലാ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മറികടന്നുകൊണ്ട് മുമ്പോട്ട് കുതിച്ച ഒരുവൻ.

ഏത് ചുറ്റുപാടും ചിരിച്ചുകൊണ്ട് മാറ്റാമെന്ന് വിശ്വസിക്കുന്നവരുടെ മാതൃക. ഏറെ പോസിറ്റീവ് ആയ പ്രസരിപ്പാർന്ന ഒരു ഷക്കീലിയൻ ജീവിതശൈലിയെ മലയാളികൾക്ക് കാണിച്ചുതന്ന ഒരു യഥാർത്ഥ റോൾ മോഡൽ. എത്തരത്തിൽ കടമ്പകളെ മറികടക്കാം എന്നത് ഷക്കീലിന്റെ ജീവിതത്തിലേക്ക് നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. ഏഴാം ക്ലാസ്സിൽ അയല്പക്കക്കാരനെ കൂട്ടി പോയി സ്‌കൂളിൽ ചേർന്ന വിരുതു മുതൽ, എൻട്രൻസിൽ വിജയിച്ച് പഠിത്തത്തെ പുൽകുന്ന ചിട്ടയാർന്ന ജീവിതം, ഏതു വീട്ടിലും കയറിച്ചെല്ലുന്ന സ്നേഹ പ്രകൃതം , ആരോടും നിമിഷത്തിൽ ദൃഡമായ ബന്ധം സ്ഥാപിക്കുന്ന സമീപനം.. ഇതെല്ലാം ആരെയും അത്ഭുതപ്പെടുത്തും….. കഴിവും കഠിനാധ്വാനവും ഒരു മനുഷ്യനെ എവിടെ എത്തിയ്ക്കും എന്നതിൻറെ ഉദാഹരണമായും ഷക്കീലിനെ കാണിക്കാം. അദ്ദേഹത്തിന്റെ പ്രതിഭ മസൂരി അക്കാഡമിയിൽ ആരംഭിക്കുന്നു.

തന്റെ ബാച്ചിലെ ഏറ്റവും നല്ല ഓഫീസർ ട്രെയിനീ, ഏറ്റവും മികച്ച കലാകാരൻ, കായിക താരം, എല്ലാം ഷക്കീൽ സ്വന്തമാക്കി. സർവീസിന്റെ ആദ്യ ദിനം മുതൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. എണ്ണപ്പെട്ട ഓഫീസർമാർക്കും മാത്രം പ്രവേശനം ലഭിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിൽ, റ്റീ ബോർഡ് പ്രതിനിധിയായി മോസ്കോ എംബസ്സിയിൽ.. തുടങ്ങി അപൂർവ്വമായ അനവധി മേഖലകളിൽ അദ്ദേഹം സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രി, ശ്രീ ഈ അഹമ്മദിന്റെ പി എസ് ആയിരുന്ന സമയത്ത് നൂറുകണക്കിന് മനുഷ്യരെ പ്രതിദിനം കണ്ടുകൊണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിക്കൊണ്ടേയിരുന്ന ഷക്കീൽ. ജോലിയിൽ ഇരുന്നുകൊണ്ട് എങ്ങനെ സാധാരണക്കാരും പ്രശ്നങ്ങൾ അനുഭവിക്കുന്നവരുമായ മനുഷ്യരെ സേവിക്കാൻ കഴിയും സഹായിക്കാൻ കഴിയും എന്നു ചിന്തിക്കാളും അതിനായി പ്രയത്നിക്കലുമാണ് അയാളുടെ ജീവിതാസക്തി.

മനുഷ്യർക്ക് വേണ്ടി, സമൂഹത്തിനു വേണ്ടി ജീവിയ്ക്കുക, ജോലി ചെയ്യുക എന്ന ചൊല്ലെല്ലാം അന്വർത്ഥമാക്കുന്നു ഒരു ഔദ്യോഗിക ജീവിതശൈലി ചെറിയ കാര്യങ്ങൾ മുതൽ വലിയ കാര്യങ്ങൾ വരെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും അതിന് പരിഹാരങ്ങൾ കാണുകയും പോസിറ്റീവായ ഒരു റിസൾട്ട് ഉണ്ടാക്കുകയും ചെയ്യുക എന്നത് ഷക്കീലിന്റെ ജോലിയുടെ സവിശേഷ സ്വഭാവമാണ്. മുതിർന്ന ഐഎഎസ് ഓഫീസർ ആയിരിക്കുമ്പോൾ ചെറിയ ഗ്രാമങ്ങളിലേക്ക് നടന്നുപോയതും ചെറുകിട കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും പ്രശ്നങ്ങളിൽ ഇടപെട്ടതുമെല്ലാം സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല. ഏകദേശം 20 വർഷങ്ങൾക്കു മുമ്പ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആന്തരിക കലാപം നടന്ന ഒരു സമയം ഞാൻ ഓർമ്മിക്കുന്നു. ആക്രമണത്തിൽ പരിക്കുപറ്റിയ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്ക് പറ്റി , കാല് മുറിച്ചു കളയേണ്ടി വരുമോ എന്ന സാഹചര്യം. ആ സമയത്ത് ഷക്കീലിന്റെ നിശ്ചയം കാരണം ആ പൊലീസ് ഉദ്യോഗസ്ഥനെ ചെന്നൈയിലേക്ക് കൊണ്ടുവരികയും തന്റെ പരിചയവും അടുപ്പവും സൗഹൃദങ്ങളും വെച്ച് ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്തു.

എത്ര വൈവിധ്യമുള്ള മേഖലകളിലാണ് ഷക്കീൽ തന്റെ കൈയൊപ്പ് ചാർത്തിയത് ! ജല വിഭവ രംഗത്തു അന്താരാഷ്ട്ര പ്രശസ്തി നേടിയ ഇടപെടലുകൾ , കേന്ദ്ര സർക്കാരിൽ ഹോർട്ടികൾച്ചർ ബോർഡിൻറെ ചുമതലക്കാരനായി കാശ്മീർ ഹിമാചൽ ആപ്പിൾ കൃഷിക്കാർക്ക് മികച്ച വരുമാനം നൽകുന്ന പദ്ധതികൾ, മേഘാലയ ടൂറിസം വികസനം … റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ ഭാഗമായി ഗ്രാമങ്ങളിലെയും ചെന്നെത്താൻ ആവാത്ത സ്ഥലങ്ങളിലെയുമടക്കം വൈദ്യുതി നൽകുക എന്ന പദ്ധതി ഗവൺമെൻറ് കൊണ്ടുവന്നപ്പോൾ, അതിന്റെ ഉത്തരവാദിത്തം ഷക്കീലിനായിരുന്നു. അന്നുമുതൽ ആ പദ്ധതി അവസാനിക്കുന്ന കാലം വരെ വീടോ ഓഫീസോ അയാൾ കണ്ടിരുന്നില്ല.

കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഗ്രാമപാതകളിലൂടെ സഞ്ചരിച്ച് ഓരോ വീടുകളിലും വെളിച്ചവും ഊർജ്ജവും അദ്ദേഹം എത്തിച്ചു. മനുഷ്യർക്ക് വെളിച്ചമേകി. മറ്റ് ഉന്നത ഉദ്യോഗസ്ഥരൊക്കെ നോർത്ത് ഈസ്റ്റ് മേഖലയിൽ നിന്നും എങ്ങനെ ഓടി രക്ഷപ്പെടാം എന്ന് കരുതുന്ന ഒരു കാലഘട്ടത്തിലാണ് തന്റെ ജോലിയും ജീവിതവും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി ഷക്കീൽ മാറ്റിവച്ചത്. മേഘാലയയുടെ ഏറ്റവും പ്രിയപ്പെട്ട ഓഫീസർ ആയി മാറാൻ അധികകാലം വേണ്ടിവന്നില്ല. ഖാസി-ഗാരോ കുന്നുകളുടെ തണുപ്പും ചൂടും ചടുലതയും അദ്ദേഹമേറ്റെടുത്തു. ഗോത്ര ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. അവർക്കൊപ്പം ജീവിച്ചു. അവരുടെ സംസ്കാരവും ജീവിതവും ആട്ടവും പാട്ടും ഭാഷയും തന്റേതാക്കി. അനവധി ഉത്തരവാദിത്വങ്ങൾ അവർക്കായി സ്വമേധയാ ഏറ്റെടുത്തു. ഗ്രാമത്തിന്റെ ഓരോ സ്പന്ദനവും തൻറെ ഹൃദയത്തിലെന്നവണ്ണം അറിയാവുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ഷക്കീൽ.

ഗോത്രങ്ങളോടൊപ്പം ജീവിക്കാൻ മേഘാലയയെ തട്ടകമാക്കിയ ഒരാൾ. അയാളിപ്പോൾ മേഘാലയയുടെ ചീഫ് സെക്രെട്ടറി ആയിരിയ്ക്കുന്നു. തീരത്തേയും കടലിനെയും അധ്വാനത്താൽ കീഴടക്കിയ ഒരുവനിന്നു പർവ്വതങ്ങളെയും കീഴടക്കിയിരിക്കുന്നു. അധികാരം കൊണ്ട് മാത്രമല്ല. സ്നേഹം കൊണ്ട്, സേവനം കൊണ്ട്, അനുതാപം കൊണ്ട് , അലിവ് കൊണ്ട്. ഓരോ ഉദ്യോഗസ്ഥനും മാതൃകയാക്കേണ്ടുന്ന ഒരു ഭരണശൈലികൊണ്ട് തന്നിൽ അർപ്പിച്ച ഓരോ ചുമതലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷക്കീൽ ഇനി ചീഫ് സെക്രട്ടറിയായി സംസ്ഥാന ഭരണകൂടത്തെ നയിക്കും.

മേഘാലയയുടെ ചരിത്രത്തിലെ അവിസ്മരണീയമായ കാലമാകട്ടെ ഇത്. കേരളത്തിന്റെ സ്വന്തം ഷക്കീലിന്, എന്റെ സഹോദരന്, എല്ലാ മംഗളങ്ങളും നേരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ENGLISH SUMMARY:

Meghalaya Chief Secretary Shakeel Ahmed is an inspiring IAS officer. Former Chief Secretary Venu Vasudevan's Facebook post highlights Ahmed's dedication and service to the people, making him a role model for all civil servants.