പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ചെത്തിയ ഒരു വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിച്ചില്ല എന്നൊരു പരാതി ലഭിക്കുകയുണ്ടായി. ഒരു പരാതി ലഭിച്ചാൽ അതിന്മേൽ അന്വേഷണം നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുക എന്നത് സർക്കാർ എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ്. അതിന്റെ ഭാഗമായി, ഈ വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. അദ്ദേഹം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുകയാണ് ചെയ്തത്. ഇത് തികച്ചും സ്വാഭാവികവും നിയമപരവുമായ ഒരു നടപടിക്രമം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാൽ, ഖേദകരമെന്നു പറയട്ടെ, ഈ വിഷയത്തെ അതിന്റെ യഥാർത്ഥ തലത്തിൽ നിന്ന് മാറ്റി, തികച്ചും രാഷ്ട്രീയവൽക്കരിക്കാനുള്ള ഒരു ബോധപൂർവ്വമായ നീക്കമാണ് പിന്നീട് നാം കണ്ടത്. സ്കൂൾ അധികൃതരും അവരുടെ അഭിഭാഷകയും നടത്തിയ വാർത്താ സമ്മേളനങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഒരു കാര്യം വ്യക്തമാകും. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം. അവരുടെ വാർത്താ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ പോയ ഒരു മാധ്യമപ്രവർത്തകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു.

ആ മാധ്യമപ്രവർത്തകന് അവിടെയുണ്ടായ അനുഭവങ്ങൾ അദ്ദേഹം അതിൽ തുറന്നു പറയുന്നുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിഭാഷകയോട് മാധ്യമപ്രവർത്തകർ അവരുടെ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിക്കുന്ന വീഡിയോ ദൃശ്യങ്ങളും നാം കണ്ടതാണ്. ഇവിടെ ഒരുകാര്യം ഞാൻ സംശയത്തിനിടയില്ലാതെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. കോൺഗ്രസിന് വേണ്ടിയോ മറ്റാർക്ക് വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും, ഈ സർക്കാർ അത് ഒരു കാരണവശാലും അനുവദിക്കുകയില്ല. നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്.

അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ല. ഓരോ വിദ്യാലയവും പ്രവർത്തിക്കേണ്ടത് ഈ നാടിന്റെ നിയമങ്ങൾക്ക് അനുസരിച്ചാണ്. ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും, ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും, വിദ്യാഭ്യാസ അവകാശ നിയമവും, കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. ഇതിന് വിരുദ്ധമായ നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും, അതിൽ ഇടപെടാനുള്ള പൂർണ്ണ അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ആ അധികാരം ജനങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ ഉപയോഗിക്കുക തന്നെ ചെയ്യും. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്തുനിന്നും ഉണ്ടായ അപക്വമായ പരാമർശങ്ങൾ പ്രശ്നത്തെ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂ.

അത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്ന നടപടിയല്ല. സ്കൂളിന്റെ ശാന്തവും സമാധാനപരവുമായ പ്രവർത്തനമാണ് സർക്കാർ ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. അതുകൊണ്ട്, സ്കൂളിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രകോപനപരമായ നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയാണ്. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കാണുന്നതിന് പകരം, അതിനെ രാഷ്ട്രീയ വിവാദമാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ഈ വിഷയത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യും. വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും മന്ത്രി വ്യക്തമാക്കി. 

ENGLISH SUMMARY:

Education minister V. Sivankutty alleges a deliberate attempt to politicize the issue related to Palluruthy St. Reethas School. The government is committed to maintaining peace and academic integrity in schools, and any attempts to disrupt this will be addressed legally.