straydog-ekm

TOPICS COVERED

എറണാകുളം തിരുവാണിയൂരിൽ വയോധികയെ വീട്ടുമുറ്റത്ത് തെരുവുനായ ആക്രമിച്ചു. അക്രമണത്തിൽ നിലത്തുവീണ അമ്മിണിയുടെ തോളിൽ നായ കടിച്ചു  വീട്ടിൽ ഉണ്ടായിരുന്നയാൾ വടിയുമെടുത്ത് ഓടിയെത്തിയതോടെയാണ് നായ പിന്മാറിയത്. 

പ്രദേശത്ത് പ്ലസ് ടു വിദ്യാർഥിക്കും നായുടെ കടിയേറ്റു. ഈ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് പ്രദേശവാസികൾ പറഞ്ഞു. പത്തോളം തെരുവ് നായ്ക്കൾ ആണ് ഇവിടെ ഉള്ളത്. വന്ധ്യംകരണത്തിനുശേഷം നായ്ക്കളെ ഇവിടെ കൊണ്ടുവിടുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.

കഴിഞ്ഞദിവസം വടക്കൻ പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിൽ മൂന്നരവയസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ പ്രദേശത്ത് തെരുവുനായ്ക്കളെ കണ്ടെത്തി വാക്സിനേഷന്‍ നടത്താന്‍ ശനിയാഴ്ച മുതല്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിക്കും. വളര്‍ത്തുനായ്ക്കളിലും പരിശോധനയും വാക്സിനേഷനും ഉറപ്പാക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. 

മൂന്നരവയസുകാരിക്ക് പുറമെ മറ്റൊരാളെയും പേവിഷബാധയുള്ള നായ ആക്രമിച്ചിരുന്നു. ഇരുവര്‍ക്കും ചികിത്സ ഉറപ്പാക്കുമെന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നടക്കം നായ്ക്കളെ പഞ്ചായത്തിന്‍റെ പരിധിയില്‍ ഉപേക്ഷിക്കുന്നത് വെല്ലുവിളിയാണെന്നും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു.

ENGLISH SUMMARY:

Stray dog attack is a serious issue. An elderly woman in Ernakulam was attacked by a stray dog in her yard, and a student was also bitten.