മെസഞ്ചറില്‍ വരുന്ന അശ്ലീല മെസേജുകള്‍ പേരുള്‍പ്പെടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഇന്‍ബോക്സില്‍ മോശം മെസേജുകള്‍ അയക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പായാണ് ഭൂരിഭാഗം പേരും ഇതിനെ കാണുന്നത്. എന്നാലിപ്പോഴിതാ ഈ പ്രവണതയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു സ്ത്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
ചില സ്ത്രീ സുഹൃത്തുക്കൾ അശ്ലീല മെസേജുകളുള്ള മെസഞ്ചര്‍ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് പ്രഹസനം മാത്രമാണെന്ന് മുന്‍ അധ്യാപിക വിനീത ബിജു ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്ത്രീകൾ മെസഞ്ചര്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നുള്ള ധാരണയില്ലെന്നും താനും ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ പോസ്റ്റ് ആരംഭിക്കുന്നത്.
മാന്യമായ മെസേജിന് റിപ്ലൈയും കൊടുക്കാറുണ്ട്. മോശമായി പറഞ്ഞാൽ അതിനനുസരിച്ചു മറുപടികൊടുത്തു ആവിശ്യമെങ്കിൽ ബ്ലോക്കും ചെയ്യാറുണ്ട്. ഇവിടെ ചില സ്ത്രീ സുഹൃത്തുക്കൾ മെസഞ്ചര്‍ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ഇടുന്നത് കാണാറുണ്ട്. എന്തിനാണ് അത്തരം പ്രഹസനം എന്ന് ചിന്തിച്ചിട്ടുമുണ്ട്..
ചില സ്ത്രീകൾ അവർ കൊടുത്ത മറുപടി ഡിലീറ്റ് ചെയ്തിട്ടാവും സ്‌ക്രീൻഷോട്ട് ഇടുന്നത്. മറ്റുചിലർ അരിമണിയിട്ടു കൊടുത്തു കൊത്തിക്കുന്നതുപോലെ മൗനസമ്മതം കൊടുത്തു പലതും എതിരെയുള്ള ആളെക്കൊണ്ട് പറയിപ്പിച്ചു അതെടുത്തു പോസ്റ്റ് ചെയ്യും. ഇതൊന്നും കാണേണ്ടവർ കാണുകയില്ല.. കാരണം എതിർകക്ഷിയെ ബ്ലോക്ക് ചെയ്തിട്ടാണ് ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്. ഒരാവശ്യവും ഇല്ലാതെ നാട്ടുകാരെ മുഴുവനും അറിയിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്ത് ഗുണം ആണ് ഉണ്ടാകുന്നതെന്നു മനസിലാകുന്നില്ല.. ഒരാൾ സംസാരിച്ചു തുടങ്ങുമ്പോഴേ അയാളുടെ സ്വഭാവം, ഉദ്ദേശം വ്യക്തമായി അറിയാൻ കഴിയും.. താല്പര്യം ഇല്ലെങ്കിൽ ഒഴിവാക്കുക. അല്ലെങ്കിൽ ഇരു ചെവിയറിയാതെ കണക്കിന് മറുപടി കൊടുത്തു ബ്ലോക്ക് ചെയ്യുക..
ആ വിവരമില്ലായ്മയൊക്കെ എടുത്തു പോസ്റ്റ് ചെയ്യുമ്പോൾ പോസ്റ്റു ചെയ്യുന്നവരുടെ വില തന്നെയാണ് അവിടെ പോകുന്നത്. ഒരുപാട് പേര് തന്നോട് പലതും സംസാരിച്ചു കൊണ്ട് ഇൻബോക്സിൽ വരാറുണ്ട്, വളരെ നല്ലവളും മാന്യയുമാണ് താൻ, പുരുഷന്മാരൊക്കെ ഞരമ്പന്മാരാണ് എന്നൊക്കെ സമൂഹത്തെ ധരിപ്പിക്കാൻ ആയിരിക്കുമോ ഇങ്ങനെ ചെയ്യുന്നത്..??
ചില പുരുഷന്മാർ വളരെ ശല്യക്കാർ തന്നെയാണ്.. അവരെ ഉടനെതന്നെ ബ്ലോക്കുക.. അപ്പോൾ പിന്നെ ഈ സ്‌ക്രീൻ ഷോട്ട് വിഷയം അവിടെ ഉദിക്കുന്നില്ല. എന്ത് തന്നെയായാലും സ്വന്തം വില കളയുന്ന സ്ക്രീന്‍ ഷോട്ട് പരിപാടിയോട് യോജിപ്പില്ലെന്നും വിനീത വ്യക്തമാക്കുന്നു.