ക്ളാസ് മുറിക്കുളളില്‍ വിദ്യാര്‍ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ ശ്വാസംമുട്ടി കുട്ടികളും അധ്യാപകരും. ബാലരാമപുരം പുന്നമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 9 വിദ്യാര്‍ഥികളും ഒരു അധ്യാപികയുമാണ് ചികില്‍സയിലുളളത്. വിദ്യാര്‍ഥി കൗതുകത്തിന് സ്പ്രേ പ്രയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
പ്ളസ് വണ്‍ സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് കൗതുകം അല്‍പം കൂടിപ്പോയി. വഴിയില്‍ കിടന്ന കുരുമുളക് സ്പ്രേ കൊണ്ടു വന്ന് ക്ളാസില്‍ പ്രയോഗിച്ചു. ഫലമോ 9 കൂട്ടുകാര്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. ശ്വാസം മുട്ടി പിടഞ്ഞ കുട്ടികളേയുംകൊണ്ട് ആംബുലന്‍സുകള്‍ വരി വരിയായി ജനറല്‍ ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തി. പ്രഥമ ശുശ്രൂഷയും ഓക്സിജന്‍ സപ്പോര്‍ട്ടും നല്‍കി കുട്ടികളെ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.
ചികില്‍സയിലുളള 10 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ആസ്ത്മയുടെ ബുദ്ധമുട്ടുളള ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെപ്പര്‍ സ്പ്രേ കുട്ടിക്ക് വഴിയില്‍ കിടന്ന് കിട്ടിയതെങ്ങനെയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ളാസില്‍വച്ച് സ്പ്രേ പ്രയോഗിച്ചപ്പോള്‍ ഫാന്‍ ഇട്ടിരുന്നതുകൊണ്ട് മുറിയാകെ പടര്‍ന്നെന്നാണ് നിഗമനം.