കൊച്ചിയെ പാട്ടിലാക്കി മലയാള മനോരമ ഹോർത്തുസ് പാട്ടുവഴിയോരം. മലയാള സിനിമ ചരിത്രത്തിലെ പാട്ടിൻറെ പിറവി മുതൽ ഗാനരചനയ്ക്ക് പിറകിലെ അപൂർവ അനുഭവ കഥകളും വരികളുടെ അത്ഭുതപ്പെടുത്തുന്ന അർഥതലങ്ങളുമെല്ലാം പാട്ടുവഴിയോരത്തെ വർത്തമാനത്തിൽ ആസ്വാദക ഹൃദയം കീഴടക്കി.
കൊച്ചിക്ക് അതൊരു മധുര സന്ധ്യയായിരുന്നു. മലയാള സിനിമാ സംഗീതലോകത്തേയ്ക്ക് മനസുനിറയ്ക്കുന്നൊരു യാത്ര. ചലച്ചിത്ര ഗാനരംഗത്തെ ചക്രവർത്തിമാരുടെ ജൈത്രയാത്രാ വഴികൾ അറിഞ്ഞ് ആസ്വാദിച്ച് തലമുറകൾ. മലയാള മനോരമ ഹോർത്തുസ് കലാ-സാഹിത്യ-സാംസ്കാരികാഘോഷത്തിൻറെ ഭാഗമായി ഒരുക്കിയ പാട്ടുവഴിയോരം പരിപാടി കാലത്തിൻറെ അടയാളപ്പെടുത്തലായി.
പാട്ടുവഴിയേ യാത്ര നയിച്ചത് ഗാനഗവേഷകനും ആലപ്പുഴ എസ്ഡി കോളജിലെ മലയാളം അധ്യാപകനുമായ ഡോക്ടർ സജിത് ഏവൂരേത്താണ്. പാടാനെത്തിയത് സജിത്തിൻറെ സുഹൃത്തും ഗായകനുമായ സജീവ് മേനോൻ. 1938ൽ ആദ്യ ശബ്‌ദ ചലച്ചിത്രമായ ബാലനിലൂടെയാണ് മലയാള ചലച്ചിത്ര ഗാന സംഗീത ചരിത്രത്തിൻറെ തുടക്കം.
ഒഎൻവിയും വയലാറും ദേവരാജനും ശ്രീകുമാരൻ തമ്പിയും എം.കെ അർജുനനും യേശുദാസും ജയചന്ദ്രനും തുടങ്ങി പ്രതിഭകളുടെ സംഗീത ജീവിതം പാട്ടുവഴിയോരത്തിൽ നിറഞ്ഞു.