മലയാളത്തിലെ ഏറ്റവും പുതുമ നിറഞ്ഞ കലാ സാഹിത്യ സാംസ്കാരിക ഉത്സവമായി മാറിയ ഹോർത്തൂസ് രണ്ടാം പതിപ്പിന് സമാപനം. ഹോർത്തൂസിന്‍റെ ഭാഗമായി ഇത്തവണ മുതൽ ഏർപ്പെടുത്തിയ ഹാൾ ഓഫ് ഫെയിം ബഹുമതി ഗായകൻ യേശുദാസിന് നടൻ മോഹൻലാൽ സമ്മാനിച്ചു. മകനും ഗായകനുമായ വിജയ് യേശുദാസ് ഏറ്റുവാങ്ങി.
മനോരമ ഹോർത്തൂസിന്‍റെ ആദ്യ ഹാൾ ഓഫ് ഫെയിം യേശുദാസിന് വേണ്ടി മകൻ വിജയ് ഏറ്റുവാങ്ങുമ്പോൾ കൊച്ചി ദർബാർ ഹാൾ മൈതാനത്ത് നിറഞ്ഞു കവിഞ്ഞ ജനങ്ങൾ മാത്രമല്ല അങ്ങ് അമേരിക്കയിൽ നിന്ന് യേശുദാസും ഭാര്യ പ്രഭയോടൊപ്പം സാക്ഷിയായി. സമാപനച്ചടങ്ങിലെ മുഖ്യാതിഥിയായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ മലയാള മനോരമ മാനേജിങ്ങ് ഡയറക്ടർ ജേക്കബ്ബ് മാത്യു ആദരിച്ചു.
മലയാള മനോരമ മുൻപ് ഒരുക്കിയ കഥയാട്ടത്തിനു വേണ്ടി മോഹൻലാൽ അവതരിപ്പിച്ച മലയാളത്തിലെ പത്ത് പ്രമുഖനോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാചിത്രവും സമ്മാനിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചതാണിവ. അടുത്ത ഹോർത്തൂസിൻ്റെ തീയതി മോഹൻലാൽ പ്രഖ്യാപിച്ചു. യേശുദാസിന്റെ പല കാലഘട്ടങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് അവതരിപ്പിച്ച ഒരു സ്വരം മാത്രം എന്ന സംഗീത പരിപാടി സമാപന സമ്മേളനത്തിന് പൊൻതിളക്കം നൽകി.