മൂവാറ്റുപുഴയിൽ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന ചടങ്ങിന്റെ പന്തൽ തകർന്ന് വീണു. ഉദ്ഘാടനം വൈകിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി. വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി മൂവാറ്റുപുഴ മുൻസിപ്പൽ ടൗൺ ഹാൾ മുറ്റത്തൊരുക്കിയ പന്തലാണ് പരിപാടി തുടങ്ങും മുമ്പ് തകർന്ന് വീണത്.
കസേരയിൽ ഇരുന്ന പ്രവർത്തകർ തകർന്ന പന്തലിന്റെ അടിയിൽപ്പെട്ടെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് പരിപാടി മറ്റൊരു വേദിയിലേക്ക് മാറ്റിയാണ് നടത്തിയത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പരിപാടിക്കെത്തിയ അബിൻ വർക്കിക്കായി മുദ്രാവാക്യമുയർന്നത് ഡി സി സി പ്രസിഡന്റ് ഇടപെട്ട് വിലക്കി. വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് അബിൻ വർക്കി പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അബിന്റെ കാര്യം പരിശോധിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വ്യക്തമാക്കി