ഡിപ്രഷനെ നിസാരവല്‍ക്കരിച്ചുള്ള നടി കൃഷ്ണപ്രഭയുടെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ മൂഡ് സ്വിങ്സില്‍ സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷനല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂര്‍. സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നും വിദ്യാര്‍ഥികളടക്കമുള്ളവരോട് അഭിഷാദ് പറയുന്നു. പുരുഷന്‍മാര്‍ക്ക് ഒരു സ്വിങുമില്ലെന്നും ഇഎംഐ അടയ്ക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അഭിഷാദ് വിശദീകരിക്കുന്നു.
എന്നാല്‍ വിവരക്കേടാണ് അഭിഷാദ് പുലമ്പുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തലച്ചോറുണ്ടെങ്കില്‍ മൂഡും, മൂഡ് സ്വിങ്സും ഉണ്ടാകണമെന്നും അല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നും മാനസാകാരോഗ്യ വിദഗ്ധന്‍ ഡോ.മോഹന്‍ റോയ് ചൂണ്ടിക്കാട്ടുന്നു. കൗമാരക്കാര്‍ക്ക് സ്വന്തം അറിവില്ലായ്മയും വിവരക്കേടും പകര്‍ന്ന് കൊടുക്കുന്നത് ഒരു തലമുറയോട് ചെയ്യുന്ന കൊടും ചതിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
അഭിഷാദിന്‍റെ വാക്കുകള്‍ ഇങ്ങനെ: സ്ത്രീകള്‍ക്ക് എന്ത് സുഖമാണെന്നറിയോ? എന്തിനും പറഞ്ഞാല്‍ മതി, മൂഡ് സ്വിങ്. ഇന്നെന്താ ബ്രേക്ക്ഫാസ്റ്റിന് മൂഡ് സ്വിങ്, ഒന്നും കഴിക്കാനില്ലേ? മൂഡ് സ്വിങാണ്. പുരുഷന്‍മാര്‍ക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല, കിടന്നുറങ്ങാന്‍ പറ്റില്ല. നമുക്കൊരു സ്വിങുമില്ല പോയി പണിയെടുക്കുക, ഇവരുടെ സ്വിങിനുള്ള വേറെ പണിയും നമ്മള്‍ എടുക്കണം. കൊച്ചീല്‍ നിന്ന് പ്രോഗാമും കഴിഞ്ഞിട്ട് തിരിച്ചുവന്നിട്ട് അത്രയും ക്ഷീണിച്ച് രാത്രി പതിനൊന്നരയ്ക്ക് കയറി വന്ന എന്നോട് പറയുവാ, ഇളനീര് വേണം, എനിക്ക് മൂഡ് സ്വിങാണെന്ന്...അപ്പോ ആ വന്നയാളുടെ മൂഡ് എന്തായിരിക്കും എന്നാലോചിക്കലുണ്ടോ? എന്നിട്ട് ഞാന്‍ പോയിട്ട് ഇളനീര് വെട്ടിയിട്ട് വന്നു. നമുക്ക് സ്വിങാവാന്‍ പാടില്ല..കാരണം ഇത് രാവിലെ എട്ടുമണി വരെ ഈ സ്വിങിന്‍റെ കൂടെ ജീവിക്കേണ്ടതാണ്'. അഭിലാഷിന്‍റെ വാക്കുകള്‍ കേട്ട് കുട്ടികള്‍ ആര്‍ത്ത് ചിരിക്കുന്നതും വിഡിയോയില്‍ കാണാം.