ഈ നാട്ടിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ചത് പാലക്കാട് മണ്ഡലത്തില്‍ വികസനം കൊണ്ടുവരാനാണെങ്കില്‍ ആര് എതിരു നിന്നാലും വികസനം കൊണ്ടുവന്നിരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിഷേധം ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ എന്റെ വഴിമുടക്കാമെന്ന് വിചാരിക്കേണ്ട. വാഹനത്തിൽ പോകണമെന്നെനിക്ക് നിർബന്ധമൊന്നും ഇല്ല, വാഹനമില്ലേലും പാലക്കാട് മുഴുവൻ ഞാൻ നടന്നു പോകും. ഈ നാട്ടുകാരുടെ പിന്തുണയുണ്ടെന്ന് എനിക്കുറപ്പാണ്.
ജനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാണ്. ചികിത്സാ പിഴവ് മൂലം ഒരു കുഞ്ഞിന്‍റെ കൈ അറുത്ത് മുറിച്ചു മാറ്റുന്ന തരത്തിലേക്ക് ആരോഗ്യമേഖലയില്‍ വീഴ്ച്ചയുണ്ടായി. പാലക്കാട് ഒരു മെഡി. കോളജ് അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.
ഷെമീറിക്ക ഇടക്കെന്നെ നോക്കുന്നുണ്ട്. അദ്ദേഹം ചെവിയില്‍ വന്നൊരു കാര്യം പറഞ്ഞു. പാടത്തൂടെ ഇവിടെ ഒരു റോഡുണ്ട്. അത് നടപ്പാത ഒരുക്കാനായി കുറച്ച് പണം എംഎല്‍എ ഫണ്ടില്‍ നിന്ന് വേണമെന്ന് പറഞ്ഞു. ഷമീര്‍ക്കയുടെ ആവശ്യം ഈ നാടിന്‍റേതാണ്. 10 ലക്ഷം രൂപ ആ റോഡിനായി ചെലവഴിക്കുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.' – രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രസംഗിച്ചു.
മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് പാലക്കാട് പിരായിരിയിൽ സംഘർഷമുണ്ടായി. ഉദ്ഘാടന വേദിയിലേക്ക് പോകുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
പത്തു മിനിറ്റോളം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രാഹുലിന്റെ കാർ തടഞ്ഞിട്ടു. ഇതോടെ കാറിൽ നിന്ന് ഇറങ്ങിയ രാഹുൽ കാൽനടയായി മുന്നോട്ട് പോകാൻ ശ്രമിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടലും കയ്യാങ്കളിയുമുണ്ടായി.
ഏകദേശം നാനൂറിലധികം പൊലീസുകാരെ സുരക്ഷയ്ക്കായി സ്ഥലത്ത് വിന്യസിച്ചിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐയും ബി.ജെ.പി.യും ഉൾപ്പെടെയുള്ള യുവജന സംഘടനകൾ പ്രഖ്യാപിച്ചിരുന്നു.