സ്വര്‍ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്തിനെതിരെ കുറിപ്പുമായി ഇടുക്കി ഡിസിസി മുന്‍ പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഇബ്രാഹിംകുട്ടിയുടെ രൂക്ഷവിമര്‍ശനവും പരിഹാസവും. കോണ്‍ഗ്രസിനെ കാലുവാരി ചെങ്കൊടി പിടിച്ചയാളാണ് പ്രശാന്തെന്നും അന്ന് പാര്‍ട്ടിയെ വഞ്ചിച്ചതിന് ഇന്ന് ഈശ്വരകോപം കിട്ടിയെന്നും അദ്ദേഹം ആരോപിക്കുന്നു. മനസമാധാനം പ്രശാന്തിന് ഇപ്പോള്‍ ഉണ്ടോയെന്നും കോണ്‍ഗ്രസ് സ്വര്‍ഗമാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പിങ്ങനെ: 'പ്രശാന്തേ നീ രാഷ്ട്രീയമായി തീർന്നടാ....... മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തെ കാലുവാരി ചെങ്കൊടി പിടിച്ച നിനക്ക് ഇപ്പോൾ മനസമാധാനം തന്നെ ഉണ്ടോ.?....എത്ര വാത്സല്യത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ നിന്നെ കണ്ടിരുന്നത്? ചെറു പ്രായത്തിൽ തന്നെ അസംബ്ലി സീറ്റ് തന്നില്ലേ? കെപിസിസി സെക്രട്ടറി ആക്കിയില്ലേ? എന്നിട്ടും നീ പാർട്ടിയെ വഞ്ചിച്ചു. ഇപ്പോൾ ഈശ്വര കോപവും കിട്ടി. ഒന്നുമില്ലെങ്കിലും കോൺഗ്രസ് സ്വർഗമാടാ....... സ്വർഗം.......'.
അതേസമയം, പ്രത്യേക അന്വേഷണത്തിലൂടെ എല്ലാക്കാര്യങ്ങളിലും കൃത്യത വരുമെന്നും എല്ലാവരും ആറാഴ്ച കൂടി ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി നാളത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അതിനിടെ, ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്ന് മാത്രം ഉണ്ണിക്കൃഷ്ണന്‍ പോറ്റി അടിച്ചുമാറ്റിയത് ഇരുന്നൂറ് പവനിലേറെ സ്വര്‍ണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. യഥാര്‍ത്ഥ പാളികള്‍ ഹൈദരാബാദില്‍ വെച്ച് മാറ്റിയ ശേഷം ഡ്യൂപ്ളിക്കേറ്റ് പാളിയിലാണ് സ്വര്‍ണം പൂശിയതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പോറ്റിയെ സഹായിച്ച നാഗേഷിനെ കണ്ടെത്താന്‍ അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണത്തിന്‍റെ അളവ് ഓരോദിനവും കൂടുകയാണ്. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്ന് മാത്രം ഇരുന്നൂറ് പവനെങ്കിലും നഷ്ടമായിട്ടുണ്ടെന്ന് സന്നിധാനത്തെ രേഖകള്‍ പരിശോധിച്ച പ്രത്യേക സംഘം വിലയിരുത്തുന്നു. 2019ല്‍ 14 സ്വര്‍ണപ്പാളികളാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊടുത്തത്. ഇതില്‍ 1999ല്‍ വിജയ് മല്യ 258 പവന്‍ സ്വര്‍ണം പൊതിഞ്ഞിരുന്നു. എന്നാല്‍ 2019ലും പിന്നീട് കഴിഞ്ഞമാസവും ചെന്നൈയിലെത്തിച്ച് പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ചപ്പോള്‍ സ്വര്‍ണത്തിന്‍റെ അളവ് 36 പവനായി കുറഞ്ഞു. അതായത് 222 പവന്‍ കാണാനില്ല. ഇതില്‍ സ്വാഭാവിക നഷ്ടവും സ്വര്‍ണം പൂശുമ്പോളുള്ള മാറ്റവും ഒഴിവാക്കിയാല്‍ പോലും 200 പവനെങ്കിലും പോറ്റിയുടെ കീശയിലായിട്ടുണ്ടാകുമെന്നാണ് നിഗമനം.
ഈ സ്വര്‍ണം എവിടെ പോയി എന്ന് അന്വേഷണത്തില്‍ പ്രധാന സംശയകേന്ദ്രം ഹൈദരാബാദും അവിടെയുള്ള സ്വര്‍ണ ഇടപാടുകാരന്‍ നാഗേഷുമാണ്. നാഗേഷിന്‍റെ സഹായത്തോടെ യഥാര്‍ത്ഥ പാളികള്‍ മൊത്തമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അടിച്ചുമാറ്റിയോയെന്ന് പോലും സംശയമുണ്ട്.
2019ല്‍ സ്വര്‍ണപാളികള്‍ വാങ്ങാന്‍ പോറ്റി സന്നിധാനത്ത് വന്നിരുന്നില്ല. പകരം സഹ സ്പോണ്‍സര്‍മാര്‍ വാങ്ങി ബെംഗളൂരുവിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് ഉണ്ണികൃഷ്ണന്‍ പാളികള്‍ കൊണ്ടുപോയത് ഹൈദരാബാദില്‍ നാഗേഷിന്‍റെടുത്തേക്കാണ്. മൂന്നാഴ്ചയോളം അവിടെ സൂക്ഷിച്ചു. പിന്നീട് നാഗേഷാണ് സ്വര്‍ണം പൂശാനായി ചെന്നൈയിലെത്തിച്ചത്. ഈ സമയത്താണ് നാലരക്കിലോയോളം തൂക്കവ്യത്യാസുമുണ്ടാകുന്നത്. ഈ വ്യത്യാസത്തിന് കാരണം ഹൈദരബാദില്‍ വെച്ച് ഒന്നെങ്കില്‍ സ്വര്‍ണം ഉരുക്കിയെടുക്കുകയോ അല്ലങ്കില്‍ യഥാര്‍ഥ പാളി മാറ്റിയിട്ട് ഡ്യൂപ്ലിക്കേറ്റ് പാളിയുണ്ടാക്കി കൊണ്ടുവരുകയോ ചെയ്തിരിക്കാമെന്നും സംശയിക്കുന്നു.
ഇക്കാര്യങ്ങളിലെല്ലാം വ്യക്തത തേടി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും. അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. എന്നാല്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും കഴിഞ്ഞ് മാത്രമേ എ.പത്മകുമാര്‍ അടക്കമുള്ള ദേവസ്വം ഭാരാവാഹികളെ ചോദ്യം ചെയ്യൂ.