ചേർത്തലയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് 80 മീറ്റർ തുണി കൊണ്ടു തയാറാക്കിയ ഗൗൺ വിമാനം കയറുന്നു. ഓസ്ട്രേലിയയിൽ നഴ്സായ ചേർത്തല മനക്കോടം സ്വദേശി ഒലിവിയ മൈക്കിളിന് പരസ്യചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉപയോഗിക്കാനാണ് ഗൗൺ.ജോബി ലൂയിസും പി.എ ബിനുവും ചേർന്ന് നടത്തുന്ന വൈബ് ഡിസൈനിങ് സ്റ്റിച്ചിങ് സെന്ററിലാണ് ഗൗൺ തയാറാക്കിയത്.
മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണു ഗൗണിന്റെ രൂപകൽപന. സാധാരണ 20 മീറ്റർ തുണി ഉപയോഗിച്ചാണ് ഗൗൺ തയ്ക്കുന്നതെന്നും ആദ്യമായാണ് ഇത്രയും തുണി ഉപയോഗിക്കുന്നതെന്നും സ്റ്റിച്ചിങ്ങ് സെൻ്റർ ഉടമ ബിനു പറഞ്ഞു. നാലു ദിവസമെടുത്താണ് ഗൗൺ തയ്ച്ച് പൂർത്തിയാക്കിയത്. തിങ്കളാഴ്ച ഓസ്ട്രേലിയയിലേക്ക് അയക്കും. ചേർത്തല കണ്ടമംഗലം ക്ഷേത്രസമിതി ട്രഷററായ ബിനു, തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു അരൂർ ഏരിയ സെക്രട്ടറി കൂടിയാണ്