ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവച്ചാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അയ്യപ്പന്റെ സ്വർണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്രയിൽ മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്യൂണിസ്റ്റ് സർക്കാർ എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്.
അതേ സമയം പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. പൊലീസ് മർദനത്തിൽ പത്തോളം യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. 3 മണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടക്കും.
ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ, എൻഎസ്‌യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, കെപിസിസി അംഗം സത്യൻ കടിയങ്ങാട് തുടങ്ങിയവരും പരുക്കറ്റവരിൽ പെടും. കയ്യിലിരുന്ന് കണ്ണീർവാതക ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പി സി.ഹരിപ്രസാദിനു പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് രാത്രിയിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ലാത്തിച്ചാർജിൽ ഒട്ടേറെപ്പേർക്കു പരുക്കേറ്റു.