ഒക്ടോബര്‍ 11 വെള്ളിയാഴ്ച പുലര്‍ച്ചെ, തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്സ്പ്രസ് അരമണിക്കൂര്‍ നേരത്തെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നത്. ട്രെയിനിന്‍റെ കോച്ചില്‍ നിന്നും ഒരു യുവതി ഇറങ്ങി, റെയില്‍വേ പൊലീസ് സ്റ്റേഷന്‍റെ പുറത്ത് കാണുന്ന ബെഞ്ചിൽ ഒരു പൊതി വെച്ചിട്ട് പെട്ടെന്ന് തന്നെ ആ ട്രെയിനിലേക്ക് തിരിച്ചു കയറി പോകുകയും ചെയ്തു. ആരും കാണാതെ ഒരു പോസ്റ്റിന്‍റെ പിറകിലൂടെ വന്ന് ശ്രദ്ധിക്കാത്ത രീതിയില്‍ വളരെ രഹസ്യമായിട്ടാണ് പൊതി കൊണ്ടുവച്ചത്.
പൊലീസ് പൊതി അഴിച്ചുനോക്കി. ഒരു കുറിപ്പും ചോക്ലേറ്റും. കുറിപ്പിൽ ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ടു ഡിയർ കേരളാ പൊലീസ്, ദോസ് മിഡ്നൈറ്റ് പട്രോളിങ് മൈയ്ഡ് മീ ഫീൽ സോ പ്രൊട്ടക്റ്റഡ്. താങ്ക് യൂ’ (പ്രിയ്യപ്പെട്ട കേരള പൊലീസിന് നന്ദി. യാത്രയില്‍ രാത്രിയും കാവല്‍ നിന്നതിന്. വളരെ സുരക്ഷിതയാണെന്ന് എനിക്ക് തോന്നി, നന്ദി). പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു, ഒരു യുവതി ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതും പൊതി ബെഞ്ചില്‍ വച്ച് ഓടി വണ്ടിയിൽ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ആരാണ് പെണ്‍കുട്ടിയെന്നോ, എന്താണ് പേരെന്നോ, എന്തിനാണ് പൊതി വച്ചത് എന്നോ ചോദിക്കാനുള്ള സാവകാശം പൊലീസിന് ലഭിച്ചിരുന്നില്ല.
സംഭവത്തില്‍ പ്രതികരണവുമായി പൊലീസ് ഉദ്യോഗസ്ഥരുമെത്തി. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ട്രെയിനുകളിൽ കേരള പൊലീസിന്‍റെ പെട്രോളിങ് ഉണ്ട്. രാത്രികാലങ്ങളിൽ പ്രത്യേകിച്ചും. ട്രെയിനിൽ കുട്ടികളുടെയും സ്ത്രീകളുടെയും യാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടത്തുന്നത്. കഴിഞ്ഞ ദിവസവും അതുണ്ടായിട്ടുണ്ട്. അതിനായാണ് യുവതിയുടെ ഈ സ്നേഹ സമ്മാനമെന്ന് പൊലീസ് പറയുന്നു. കണ്ണൂർ പൊലീസിനെന്നല്ല, മറിച്ച് കേരള പോലീസിന് ഒട്ടാകെയുള്ള അഭിനന്ദനമാണിതെന്നും കേരള പൊലീസിനോടുള്ള സ്നേഹമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാവിലെ തന്നെ നല്ലൊരു ‘എനര്‍ജി’ കൂടിയാണ് ഈ സ്നേസമ്മാനമെന്നും പൊലീസ് പറഞ്ഞു. ‘സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക എന്നുള്ളത് തന്നെയാണ് പ്രധാനപ്പെട്ട ലക്ഷ്യം. ഇപ്പോൾ ട്രെയിനുകളിൽ കുട്ടികൾ ധൈര്യത്തിൽ രാത്രി യാത്രകള്‍ ചെയ്യുന്നുണ്ട്. പലരും രാത്രിയില്‍ ട്രെയിനിനായി കാത്തിരിക്കാന്‍ സ്റ്റേഷന്‍റെ മുന്നിലാണ് വന്നിരിക്കുന്നത്. കേരള പൊലീസ് അവര്‍ക്ക് വേണ്ടി തന്നെയുള്ളതാണ്. അതിന്‍റെ പേരിലാണ് ആ കുട്ടി സ്നേഹസമ്മാനമായി ചോക്ലേറ്റ് കൊണ്ടുവച്ചത്. കുത്തുവാക്കുകൾ മാത്രം കേള്‍ക്കുന്നതിനിടയില്‍ ഇങ്ങനെയുള്ള സന്ദർഭങ്ങളൊക്കെ സന്തോഷമാണ്’ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.