കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുരളി തുമ്മാരുകുടി. ഡോക്ടർമാർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ കേരളത്തിൽ അസാധാരണമല്ലെന്നും, ആക്രമണത്തിൽ മരണം വരെ സംഭവിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഡോക്ടർമാരെ അക്രമിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല. അക്രമി ആരായിരുന്നാലും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവർക്ക് ലഭിക്കണം. എന്നാൽ മാത്രമേ ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ പറ്റൂ.
ഈ തവണ അക്രമം കാണിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒരു പെൺകുട്ടിയുടെ അച്ഛനാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഒരു മകൾ അകാലത്തിൽ മരിക്കുമ്പോൾ ഉണ്ടാകുന്ന വേദന വളരെ തീവ്രമായിരിക്കുമല്ലോ, നമുക്കത് ഊഹിക്കാനേ പറ്റൂ.
അങ്ങനെ സംഭവിച്ചത് ഡോക്ടറുടെ അനാസ്ഥകൊണ്ടോ ചികിത്സാ പിഴവുകൊണ്ടോ ഒക്കെ ആണെന്ന് തോന്നുന്നതും അസാധാരണമല്ല. നമ്മുടെ അടുത്ത ആളുകൾ മരിക്കുമ്പോൾ കുറച്ചു കൂടി നേരത്തേ ആശുപത്രിയിൽ പോയിരുന്നെങ്കിൽ, മറ്റൊരു ആശുപത്രി ആയിരുന്നെങ്കിൽ, ഡോക്ടർ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അവരെ രക്ഷപ്പെടുത്താമായിരുന്നു എന്നൊക്കെ നമുക്ക് തോന്നും. ആ ഡോക്ടറോടും ആശുപത്രിയോടും ഒക്കെ ദേഷ്യവും ഉണ്ടാകും.
പക്ഷെ അതൊന്നും ആശുപത്രിയിൽ ഉള്ള ഡോക്ടർമാരെയോ നേഴ്‌സുമാരെയോ ഒക്കെ മർദ്ദിക്കാനോ കൊടുവാൾ എടുത്തു വെട്ടാനോ ഉള്ള ന്യായീകരണമല്ല. ഡോക്ടർമാരെ അക്രമിക്കുന്നതിനെ എതിർത്ത് ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. അപ്പോഴൊക്കെ കൂടുതലും ആളുകൾ അക്രമിയെ അല്ലെങ്കിൽ അക്രമത്തെ ന്യായീകരിച്ചും ഡോക്ടർമാരെ എതിർത്തും ആണ് കമന്റുകൾ ഇടാറുള്ളത്. ഓരോരുത്തർക്കും ഓരോ ന്യായീകരണങ്ങൾ ആകും.
ഡോക്ടർമാരെ ആക്രമിക്കുന്നതും അക്രമിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആണ് ഉണ്ടാക്കുന്നത്. ഇത് നമ്മൾ അറിയുന്നില്ല. ഒന്നാമത് ഒരു രോഗി മുന്നിൽ എത്തിയാൽ അവർക്ക് എന്ത് ചികിത്സ നൽകണം എന്നതിനെപ്പറ്റി മെഡിക്കൽ റിസ്കിനോടൊപ്പം വ്യക്തിപരമായും ആശുപത്രിക്കെതിരെയും അക്രമം ഉണ്ടാകാനുള്ള റിസ്കും കൂടി ഡോക്ടർമാർ കണക്കു കൂട്ടും. മിക്കവാറും സമയത്ത് ചികിത്സ ലഭിച്ചാൽ രക്ഷിക്കാവുന്ന കേസുകൾ കൂടി മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യും. രണ്ടാമത് എത്തുന്നിടത്തും ഇത് തന്നെ സംഭവിക്കും. ചികിത്സ വൈകിയോ കിട്ടാതെയോ രോഗം വഷളാകും, രോഗി മരിക്കാനുള്ള സാധ്യത കൂടും. പക്ഷെ ഡോക്ടറുടെ തടി കേടാകാതെ നോക്കുകയാണല്ലോ അവരുടെ പ്രിയോറിറ്റി.
രണ്ടാമതായി ആശുപത്രിയിൽ എപ്പോഴും അക്രമം നടത്താനുള്ള സാധ്യത മുന്നിൽ കണ്ട് അതിനുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തും. ആ സുരക്ഷാ സംവിധാനത്തിനുള്ള ചിലവ് വഹിക്കുന്നതും രോഗികൾ തന്നെയാണ്. പൊലീസ് ഔട്ട്പോസ്റ്റ് ആണെങ്കിലും സ്വകാര്യ സെക്യൂരിറ്റി ആണെങ്കിലും പണം പോകുന്നത് ആശുപത്രിക്കാരുടെ അക്കൗണ്ടിൽ നിന്നല്ല രോഗിയുടെ അക്കൗണ്ടിൽ നിന്ന് തന്നെയാണ്. കേരളത്തിലെ ആരോഗ്യ പരിപാലന ചിലവുകൾ സാധാരണക്കാർക്ക് താങ്ങാൻ ആകുന്നതിനും അപ്പുറത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത്തരം അക്രമങ്ങൾ അതിന്റെ വേഗത കൂട്ടും.
മൂന്നാമതായി സാഹചര്യം ഉള്ളവർ, ഡോക്ടറായാലും നേഴ്‌സ് ആയാലും, അടി കൊള്ളാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് മാറും. വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലെ കോർപ്പറേറ്റ് ആശുപത്രികളിലേക്കോ ആകും അവർ പോകുന്നത്. യോഗ്യത ഉള്ള അനവധി ഡോക്ടർമാരെ സാധാരണക്കാർക്ക് നഷ്ടപ്പെടും.
അതുപോലെ തന്നെ വിദേശത്തുള്ള മലയാളി ഡോക്ടർമാർ കേരളത്തിലേക്ക് തിരിച്ചു വരാൻ മടിക്കുകയും ചെയ്യും. എന്തിനാണ് വെറുതെ പോയി തല്ലുമെടിക്കുന്നതും തല്ലുന്നവരെ പിന്തുണക്കുന്നവരെ ചികിൽസിക്കാൻ വേണ്ടി തല്ലു മേടിക്കുന്നതും? നമ്മൾ ഡോക്ടർമാരെ തല്ലുന്നതും തല്ലുന്നവരെ ന്യായീകരിക്കുന്നതും ഒക്കെ പുതിയ തലമുറ കാണുന്നുണ്ട്. മെഡിക്കൽ രംഗത്തേക്ക് വരാൻ പുതിയ തലമുറ മടിക്കും. എന്തിനാണ് പണം കൊടുത്തു തല തല്ലിപൊളിക്കാൻ സാധ്യതയുള്ള ഒരു പ്രൊഫഷനിലേക്ക് പോകുന്നത്.
ഡോക്ടറെയും ആരോഗ്യ പ്രവർത്തകരേയും ആക്രമിക്കുമ്പോൾ നഷ്ടം പറ്റുന്നത് ആ ഡോക്ടർക്കോ ആരോഗ്യപ്രവർത്തകനോ മാത്രമല്ല, മൊത്തം സമൂഹത്തിനാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങളോട് സീറോ ടോളറൻസ് തന്നെ വേണം. നോ ഇഫ്, നോ ബട്ട് – അദ്ദേഹം വ്യക്തമാക്കുന്നു.