കോഴിക്കോട് കൂടറഞ്ഞിയിൽ മാല മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ ജനക്കൂട്ടവും പൊലീസും ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രകൃതിവിരുദ്ധ പീഡനം ഭയന്നാണ് ഓടിയതെന്നും, മാല മോഷ്ടിച്ചത് കള്ളക്കഥയാണെന്നും അതിഥി തൊഴിലാളി പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ ബോഡി മസാജിനായി വീട്ടുടമസ്ഥൻ നിര്‍ബന്ധിക്കുകയായിരുന്നു. ഈ സമയം പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമം നടന്നതായി യുവാവ് പറയുന്നു.
'എന്നോട് കുളിച്ച ശേഷം റൂമിലേക്ക് വരാന്‍ അയാള്‍ ആവശ്യപ്പെട്ടു. ശരീരം വേദനയാണെന്നും മെസ്സാജ് ചെയ്ത് തരണമെന്നും വീട്ടുടമസ്ഥന്‍ എന്നോട് പറഞ്ഞു. ഞാന്‍ മെസ്സാജ് ചെയ്തുകൊടുത്തു. പെട്ടെന്ന് അയാള്‍ എന്‍റെ കൈയില്‍ കയറി പിടിച്ചു, ശേഷം അയാള്‍ പൂര്‍ണ നഗ്നനായി. ഞാന്‍ ഭയന്നുപോയി, അതാണ് കതക് തുറന്ന് പുറത്തേക്കോടിയത്. അയാളുെട കഴുത്തില്‍ ഞാന്‍ മാല ഒന്നും കണ്ടില്ല. സ്വര്‍ണമാല മോഷ്ടിച്ചു എന്ന് അയാള്‍ കള്ളം പറഞ്ഞതാണ്. രണ്ട് പൊലീസുകാരും അയാളുടെ ആളുകളും ചേര്‍ന്നാണ് എന്നെ മര്‍ദിച്ചത്. ദേഹം മൊത്തം വേദനയാണ്'. – അതിഥി തൊഴിലാളി വ്യക്തമാക്കുന്നു.
അസാമുകാരനായ യുവാവിനെ ഇയാൾ വീട്ടിലേക്ക് ജോലിക്കായി വിളിച്ചു വരുത്തുകയായിരുന്നു. ജോലി കഴിഞ്ഞതിനു ശേഷം ബോഡി മസാജ് ചെയ്തു തരണമെന്ന് വീട്ടുടമസ്ഥൻ ഇയാളോട് ആവശ്യപ്പെട്ടു. ഈ സമയത്താണ് വീട്ടുടമസ്ഥൻ ഇയാളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഇത് കണ്ട് പേടിച്ച് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പന്തികേട് മനസിലാക്കിയ വീട്ടുടമസ്ഥൻ യുവാവ് ഓടുന്ന സിസിടിവി ദൃശ്യങ്ങളെടുത്ത് തന്റെ മാല ഇയാൾ മോഷ്ടിച്ചു കൊണ്ടുപോയി എന്ന ആരോപണം ഉന്നയിക്കുകയായിരുന്നു.
പിന്നാലെയാണ് ഓടിക്കൂടിയ നാട്ടുകാരും ഈ അസാമുകാരനെ മര്‍ദിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസുകാരും തന്നെ മർദ്ദിച്ചു എന്ന് യുവാവ് പറയുന്നു. പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് ഈ വീട്ടുടമസ്ഥനെ വിളിച്ചു വരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ കാണാതെ പോയെന്ന് പറഞ്ഞ സ്വർണ്ണമാല കണ്ടെത്തുകയും ചെയ്തു.