പ്രോട്ടീനും ഒമേഗാ-3 ഫാറ്റി ആസിഡും അർബുദ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്ന് തൃശൂർ മുളങ്കുന്നത്തുകാവിൽ മീൻ കച്ചവടം നടത്തുന്ന ബാബുവിന് അറിയില്ല. പക്ഷേ മാസങ്ങളായി ഇതൊന്നുമറിയാതെ അര കിലോ വീതം മീൻ കാൻസർ രോഗികൾക്ക് നൽകി അവരുടെ ആരോഗ്യത്തിൽ പങ്കുചേരുകയാണ് ഒരു മീൻ കച്ചവടക്കാരന്‍
തൃശൂർ മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ബോർഡുണ്ട് . അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ കാൻസർ രോഗികൾക്ക് അര കിലോ മീൻ ഫ്രീ ആയി കൊടുക്കുന്നു. തന്‍റ അടുത്ത ബന്ധു കാൻസർ ബാധിച്ച് കിടപ്പിലായപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു നേരിട്ടു കണ്ട ബാബു അർബുദ രോഗികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു.
ആ ചിന്തയാണ് ബാബുവിനെയും കുടുംബത്തെയും ഇവിടം വരെ എത്തിച്ചത്. നാലുമാസം ആയി അര കിലോ മീൻ വീതം സൗജന്യമായി കൊടുക്കാൻ തുടങ്ങിയിട്ട്. ലോണെടുത്തും കടംവാങ്ങിയും ആണ് ഈ മീൻ കട കെട്ടിപ്പൊക്കിയത്. മീൻ വാങ്ങാൻ എത്തുന്ന രോഗികളുടെയും കുടുംബങ്ങളുടെയും മുഖത്തു കാണുന്ന സന്തോഷമാണ് ബാബുവിന്‍റെ സംതൃപ്തി.
കേൾക്കുമ്പോൾ വലിയ കാര്യമൊന്നുമല്ലായിരിക്കാം പലർക്കും കച്ചവട തന്ത്രമാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ ബാബുവിന് ഇതൊരു സന്തോഷമാണ്. തന്നെ കൊണ്ടാവുന്നത് ഇല്ലാത്തവർക്കു നൽകുമ്പോൾ കിട്ടുന്ന ആനന്ദം.