ബോക്സിങ് റിങ്ങിൽ തീ പാറുന്ന പോരാട്ടവുമായി കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ്. കോഴിക്കോട് കുരുടിമുക്ക് അറ്റോമോ സ്പോർട്സ് സെന്‍റർ നടത്തിയ കിക്ക് ബോക്സിങ് മത്സരത്തിലാണ് ജില്ലാ കലക്ടർ പങ്കടുത്തത്. ലഹരിക്കെതിരെ, ലഹരിയാകാം വിനോദങ്ങളോട് എന്ന സന്ദേശവുമായി ആണ് കലക്ടർ റിങ്ങിൽ ഇറങ്ങിയത്.
ഇടിക്കൂട്ടിൽ ബോക്സിങ് ഗ്ലോസുമിട്ട് നല്ല ക്വിന്റൽ പഞ്ചുമായി നിറഞ്ഞു നിൽക്കുന്നത് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ്. ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും മാറി മാറിയുള്ള പഞ്ച്. ഇടിയൻ ബോക്‌സർ ശരത് രവി ആയിരുന്നു എതിരാളി. ഒരു തവണ എങ്കിലും ഇടിക്കൂട്ടിൽ ഇതുപോലെ മത്സരിക്കണം എന്നത് ഒരു മോഹമായിരുന്നുവെന്ന് സ്നേഹിൽ കുമാർ സിങ്. വ്യായാമവും ഭക്ഷണ ക്രമവും വഴി ശരീര ഭാരം കുറച്ചാണ് മത്സരിക്കാൻ ഇറങ്ങിയത്. കേന്ദ്രസർക്കാരിന്‍റെ നാശ മുക്ത് ഭാരത് അഭിയാന്‍റെ ഭാഗമായി ലഹരിക്കെതിരെ, ലഹരിയാകാം കായിക വിനോദങ്ങളോട് എന്ന ക്യാംപയിന്‍റെ ഭാഗമായി ആയിരുന്നു മത്സരം. ഒന്നര വർഷം മുൻപാണ് കോഴിക്കോട് ഫിറ്റ്നസ് തായി എന്ന സ്ഥാപനത്തിലെ പരിശീലകൻ തൗഫീർ അലിയിൽ നിന്ന് ബോക്സിങ് പരിശീലനം തുടങ്ങിയത്.