കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന കാസർകോട് റാണിപുരം സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. ഉത്തരമലബാറിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജാണ് റാണിപുരത്ത് നിർമ്മാണം പൂർത്തിയായത്. പുതിയ ഗ്ലാസ് ബ്രിഡ്ജിൽ നിന്ന് റാണിപുരത്തിന്‍റെ 360 ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാം.
പശ്ചിമഘട്ട മലനിരകളെ തഴുകുന്ന മഞ്ഞിൻ പുതപ്പ്. ഇടവേളകളിൽ വിരുന്നെത്തുന്ന നുറുങ്ങ് മഴ. അങ്ങ് താഴെ പച്ചപ്പിനെ കീറി മുറിക്കുന്ന ചെറു അരുവി. മനം തണുപ്പിക്കുന്ന പശ്ചിമഘട്ടത്തിന്‍റെ റാണിയെ 360 ഡിഗ്രിയിൽ കാണാം പുതിയ ഗ്ലാസ് ബ്രിഡ്ജിൽ നിന്ന്. അടിക്കടി ഉള്ള റെഡ് അലേർട്ട് മൂലം ട്രക്കിംഗ് നിരോധിക്കുന്നത്, സാധാരണ ദിവസങ്ങളിൽ അനുവദനീയമായ മൂന്നുമണിക്ക് ശേഷം എത്തി മലമുകളിൽ കയറാൻ ആകാത്തവർ. ഇവർക്കെല്ലാം ഇനി ഗ്ലാസ് ബ്രിഡ്ജും അഡ്വഞ്ചർ പാർക്കും കണ്ടു മടങ്ങാം. റാണിപുരം ഹിൽവ്യൂ റിസോർട്ട് കമ്പനിയാണ് ബ്രിഡ്ജിന് പിന്നിൽ.
സമുദ്രനിരപ്പിൽ നിന്ന് 1050 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന റാണി പുരത്തിനന്‍റെ വന്യതയും, കോടമഞ്ഞിന്‍റെ തണുപ്പും തേടിയാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്. പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ കാഴ്ചയാണ് ഗ്ലാസ് ബ്രിഡ്ജിലെ പ്രധാന ആകർഷണം. തൊട്ടു പിന്നിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള കുടിയേറ്റ ചരിത്രം പേറുന്ന ചെറു പള്ളിയുമുണ്ട്. 75 മീറ്റർ നീളമുള്ള പാലത്തിൽ രാവിലെ ഏഴു മുതൽ രാത്രി 7 വരെ 200 രൂപ ടിക്കറ്റിലാണ് പ്രവേശനം. വൈകാതെ സിപ് വേ അടക്കമുള്ള വിനോദ ഉപാധികളും സജ്ജമാകുന്നതോടെ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകും.