​അമൃതപുരിയില്‍ ആഘോഷ നിറവില്‍ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 72 ആം പിറന്നാള്‍. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി ഗോത്രാംഗങ്ങള്‍ ചേര്‍ന്നുള്ള ലോകശാന്തി പ്രാര്‍ഥനയോടെയാണ് പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കുക. സേവന മാതൃകയിലും മാതാ അമൃതാനന്ദമയി മഠം ലോകത്തിനു മാതൃകയാണ്.

ഒരു ലോകം ഒരു ഹൃദയം എന്നതാണ് മാതാ അമൃതാനന്ദമയി ഈ ജന്മദിനത്തില്‍ ലോകത്തിനു മുന്നില്‍ വെയ്ക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി 5 ലക്ഷം ഭക്തര്‍ എത്തുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന രീതിയിലാണ് പന്തല്‍ ക്രമീകരിച്ചിരിക്കുന്നത്. 72 ഗണപതി ഹോമങ്ങളോടെയാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി ഗോത്രങ്ങള്‍ ചേര്‍ന്ന് പ്രാര്‍ഥന നടത്തും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും ഒക്കെ ചടങ്ങില്‍ നടക്കും. കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പുറമേയാണ് പുതിയ പദ്ധതികള്‍ വരുന്നത്. സേവനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാണ് മഠത്തിലെ പ്രവര്‍ത്തനങ്ങള്‍

1998 മുതല്‍ ഇതുവരെ 860 കോടി രൂപയുടെ സൗജന്യ ചികില്‍സയാണ് വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിയത്. 64.5  ലക്ഷം കിടപ്പ് രോഗികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ട്. അമൃത കുടീരം പദ്ധതിയിലൂടെ 47000 വീടുകള്‍ നിര്‍മിച്ചു നല്‍കി. ഇന്ത്യയിലുടനീളം 10 ദശലക്ഷത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. കെനിയയിലും നൈയ്റോബിയയിലും കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നുണ്ട്. ഇലക്ട്രോണിക്സ് , ഐ.ടി മന്ത്രാലയവുമായി സഹകരിച്ച് 30000 സ്കൂളുകളിലെ 4.2 ലക്ഷം വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു. 22 സംസ്ഥാനങ്ങളിലെ 2200 ഗ്രാമങ്ങളിലെ അമൃത് സെര്‍വ് സ്വാശ്രയ ഗ്രാമങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 600 ഗ്രാമങ്ങളിലും ചേരികളിലുമായി നൈപുണ്യ പരിശീലവും മഠം നടത്തുന്നുണ്ട്. ഇതു കൂടാതെയാണ് ശുചിമുറികളടക്കം നിര്‍മിച്ചു നല്‍കുന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. 

ENGLISH SUMMARY:

Mata Amritanandamayi's 72nd birthday is celebrated with festivities and charitable initiatives. The celebrations include tribal prayers for world peace and the launch of new service projects.