വാഹനാപകടത്തെ തുടർന്ന് തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെയും കൊണ്ട് കൊല്ലത്ത് നിന്ന് ആംബുലൻസ് തൊടുപുഴയ്ക്കെത്തിയത് രണ്ടര മണിക്കൂറിൽ. രാവിലെ 11.56ന് പുറപ്പെട്ട ആംബുലൻസ് അതിവേഗത്തിൽ ഓടിച്ച് 2.20ന് മുതലക്കോടെത്തിച്ചതിന്റെ ക്രെഡിറ്റ് ഡ്രൈവർ തൊടുപുഴ സ്വദേശി മുഹമ്മദ് ഫസലിനാണ്. 155 കിലോമീറ്റർ ദൂരമാണ് രണ്ടരമണിക്കൂറിൽ പിന്നിട്ടത്. സാധാരണ തിരക്കുള്ള ഈ റോഡിലൂടെ മൂന്നരമണിക്കൂറിലധികം യാത്ര ചെയ്താലേ കൊല്ലത്ത് നിന്ന് തൊടുപുഴ എത്താനാവൂ.
തലയ്ക്ക് സാരമായി പരുക്കുപറ്റി കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ കഴിയുകയായിരുന്ന 29കാരനായ തൊടുപുഴ സ്വദേശി വിഷ്ണുവിനെയാണ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തലയോട്ടി ഫ്രീസ് ചെയ്തു കൊണ്ടുവരുന്നതിനാൽ 4 മണിക്കൂറിനുള്ളിലെങ്കിലും രോഗിയെ എത്തിക്കണമെന്നായിരുന്നു നിർദേശം. തൊടുപുഴയിലെ ഫീനിക്സ് ആംബുലൻസാണ് യുവാവിനെ രക്ഷിക്കാനായി ഈ ദൗത്യം ഏറ്റെടുത്തത്. പ്രാഥമിക ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തുടർ ചികിത്സക്കായി തൊടുപുഴ ഹോളി ഫാമിലി ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയത്.
ആംബുലൻസ് സംഘടന പ്രവർത്തകരും പൊലീസും ഓട്ടോറിക്ഷാ തൊഴിലാളികളും ഉള്‍പ്പടെയുള്ളവരാണ് തിരക്കിനിടയിലും ആംബുലന്‍സിന് റോഡിൽ സുഗമമായ സഞ്ചാരമൊരുക്കിയത്. ഓരോ സ്റ്റേഷൻ പരിധിയിലും ആംബുലൻസിന് പൈലറ്റായി പൊലീസ് ഉണ്ടായിരുന്നു. രണ്ടര മണിക്കൂറില്‍ തൊടുപുഴയിലെത്തിച്ച വിഷ്ണുവിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോജോളി ജോർജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘമാണ് വിഷ്ണുവിനെ ചികിത്സിക്കുക.
ഡ്രൈവറായ മുഹമ്മദ് ഫസൽ, ചികിത്സാ സഹായനിധി കോ ഓർഡിനേറ്റർ എം.എം അൻസാരി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സമീഷ് മാർക്കോസ്, വിഷ്ണുവിന്റെ പിതാവ് ബിജു, ഇവരുടെ ഒരു ബന്ധു എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്നത്.