നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാലക്കാട് കൽപാത്തിയിലെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുകൾ ഒരുങ്ങി. നവരാത്രിയുടെ 9 ദിവസങ്ങളിൽ  ദുർഗാ ദേവിയുടെ 9 ഭാവങ്ങളെയാണ് ദൈവീക ഗ്രാമം ആരാധിക്കുക. പുരാണ കഥകളെല്ലാം ബൊമ്മകളെ നോക്കി മനസ്സിലാക്കാം.

നവരാത്രി ആഘോഷത്തിനായി കൽപാത്തി ഒരുങ്ങി, ദൈവിക ഗ്രാമത്തിലെ അഗ്രഹാരങ്ങളിൽ ബൊമ്മക്കൊലുകൾ നിറഞ്ഞു. 9 ദിവസം മന്ത്രോച്ചോരണങ്ങൾ നിറയും കൽപ്പാത്തിയിൽ. മഹിഷാസുരമർദിനിയായ ദുർഗ ദേവി 9 ദിവസം നീണ്ടു നിന്ന യുദ്ധമാണ് നടത്തിയത്. ഈ യുദ്ധത്തിൽ ദേവിയെ സഹായിക്കാൻ ചുറ്റിലും ദേവതകൾ വന്നു നിൽക്കുന്നുവെന്ന സങ്കൽപമാണ് ബൊമ്മക്കൊലു.

കൊലു എന്നാൽ പടി എന്നാണർത്ഥം. ഇത്തരത്തിൽ ഒന്നിനു മുകളിൽ ഒന്നായി പടികൾ നിർമിക്കും. 3, 5, 7, 9 എന്നിങ്ങനെയാണ് കൊലുകൾ നിർമിക്കുന്നത്. ഇതിലെല്ലാം ദേവീ ദേവന്മാരുടെ ബൊമ്മകൾ സ്ഥാപിച്ചാണ് ആരാധന.

ആദ്യം പൂർണകുംഭം, മൂന്നാമത്തെ പടിയിൽ മരപ്പാച്ചികളെ വയ്ക്കും. വിവാഹം കഴിഞ്ഞ് വീട്ടിലേക്കു വരുന്ന മരുമകൾ സ്വന്തം വീട്ടിൽ നിന്നു കൊണ്ടു വരുന്ന മരപ്പാവകളാണ് മരപ്പാച്ചികൾ. ബാക്കിയുള്ള പടികളിൽ ഓരോ പുരാണകഥകളുമായി ബന്ധപ്പെട്ട ബൊമ്മകൾ. അഷ്ടലക്ഷ്മി, അനന്തശയനം, നരസിംഹാവതാരം, രാമായണം, ദശാവതാരം തുടങ്ങിയ പുരാണ കഥകളെല്ലാം ബൊമ്മകളെ നോക്കി മനസ്സിലാക്കാം.

ബൊമ്മക്കൊലു കാണാനും പൂജയിൽ പങ്കെടുക്കാനും ധാരാളം പേരാണ് കൽപ്പാത്തിയിലേ ആഗ്രഹാരങ്ങളിലേക്ക് എത്തുക. ഇവർക്കെല്ലാം കുഴച്ച അവിൽ, ചെറുപയർ, കടല എന്നിവ കൊണ്ടുള്ള നിവേദ്യങ്ങളും വീട്ടുകാർ നൽകിയാണ് മടക്കുക. തിന്മയുടെ മേൽ നന്മയുടെ വിജയത്തിനായി, അജ്ഞത നീങ്ങി ജ്ഞാനത്തിന്റെ വെളിച്ചം ജീവിതത്തിലേക്ക് കടന്നുവരാൻ  ഈ നവരാത്രി കാലത്തിലൂടെ സാധ്യമാവട്ടെ.

ENGLISH SUMMARY:

The Navratri celebrations have begun in the agraharams (Brahmin settlements) of Kalpathy, Palakkad, with the ceremonial display of 'Bommakolu'. Over the nine days of Navratri, the divine village will worship the nine forms of Goddess Durga. The Bommakolu, a multi-tiered arrangement of dolls and figurines, symbolizes the goddesses and devas who assisted Goddess Durga in her nine-day battle against the demon Mahishasura. The steps are arranged in odd numbers (3, 5, 7, or 9), each displaying figurines that narrate different mythological tales from Hindu epics like the Ramayana and Dashavatara. The tradition also includes a ritual involving marapachikal (wooden dolls) brought by a daughter-in-law to her new home. The celebrations, marked by chanting and prayers, draw many visitors who are offered traditional offerings, reinforcing the victory of good over evil and the triumph of knowledge over ignorance.