TOPICS COVERED

ഭൂട്ടാനില്‍ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് നികുതിവെട്ടിച്ച് വിൽക്കുന്ന റാക്കറ്റിനെ പിടികൂടാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ സംസ്ഥാനാന്തര റജിസ്ട്രേഷന്‍ തട്ടിപ്പ് കേസ് വീണ്ടും ചര്‍ച്ചയായി. മലയാളത്തിലെ മുൻനിര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ തുടങ്ങിയവരാണ് അന്ന് ആരോപണം നേരിട്ടത്. നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ച് കേരളത്തിലെ 2357 വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തെന്ന് 2019ൽ കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി, ഫഹദ് ഫാസിൽ, നടി അമല പോൾ ഉൾപ്പെടെ പ്രമുഖരായിരുന്നു പ്രതിസ്ഥാനത്ത്.

ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു എന്നായിരുന്നു കണ്ടെത്തൽ. രണ്ടായിരത്തിലേറെ വാഹനങ്ങളാണ് പുതുച്ചേരിയിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി ആളുകൾ സ്വന്തമാക്കിയത്. അതിലാണ് താരങ്ങളുടെ പേരുകള്‍ ഉള്‍പ്പെട്ടത്.

രണ്ട് കാറുകളുടെ രജിസ്ട്രേഷനിലാണു കേസെടുത്തതെങ്കിലും ഒരു കാറിന്റെ കേസിലാണു സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. വ്യാജ മേൽവിലാസത്തിലെ രജിസ്ട്രേഷനിലൂടെ 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തൽ. രജിസ്ട്രേഷനു വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ പറ‍ഞ്ഞിരുന്നു.

കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടു. ഫഹദ് ഫാസിൽ, അമല പോൾ എന്നിവർക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു വാഹനം വാങ്ങിയ ഫഹദ് കേരളത്തിലേക്കു രജിസ്ട്രേഷൻ മാറ്റുകയും 19 ലക്ഷം രൂപ പിഴ അടയ്ക്കുകയും ചെയ്തു.

ENGLISH SUMMARY:

Tax evasion is a serious offense involving fraudulent activities to avoid paying taxes. This article discusses the tax evasion case involving luxury car registrations and prominent Malayalam film actors.