നിറഞ്ഞ സദസിൽ അയ്യപ്പ സംഗമത്തിന്റെ ബദൽ സംഗമം. ശബരിമല കർമ സമിതി സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കമായി. യഥാർത്ഥ ഭക്തർ പമ്പയിലെ സംഗമം ബഹിഷ്കരിച്ചു എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള ഭക്തജനസംഗമം ബിജെപി നേതാവ് അണ്ണാമലൈ ഉദ്ഘാടനം ചെയ്യും.
ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും പിതാവ് കണ്ഠര് മോഹനരും നിലവിളക്ക് തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. വാഴൂർ തീർഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർഥപാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യഥാർത്ഥ ഭക്തർ പങ്കെടുത്തതാണ് പന്തളത്തെ സംഗമത്തിന്റെ വിജയം എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ശരണം വിളിക്കാൻ പോലും അറിയാത്ത ദേവസ്വം ബോർഡ് പ്രസിഡന്റിനെ കുറിച്ച് ലജ്ജ തോന്നുന്നെന്നും കുമ്മനം.
പമ്പയിലെ സംഘാടകരോട് അല്ല അവരുടെ പ്രവർത്തികളോടാണ് വിയോജിപ്പ് എന്ന് യോഗക്ഷേമ സഭാ അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളുടെയും സജീവപങ്കാളിത്തം ഉണ്ടായിരുന്നു. ശബരിമല വിശ്വാസം വികസനം സുരക്ഷ എന്നീ മൂന്നു വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടായില്ല.