ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം. കൊല്ലൂർ മൂകാംബികയിലും, കാസർകോടും പ്രത്യേക പൂജകൾ നടന്നു. കൊല്ലൂരിലെ പൂജകൾ വാക് ദോഷം മാറാനായിരുന്നു. മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചായിരുന്നു പൂജ. കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു പ്രത്യേക പൂജ. ക്ഷേത്രത്തിൽ കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. ക്ഷേത്രത്തിലെ പൂജ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
2018 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നത്തിലാണ് ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് അന്നത്തെ ദേവപ്രശ്നത്തിന് പരിഹാരം എന്നോണം നിര്‍ദേശിച്ചിരുന്നു. പക്ഷേ, പിന്നീട് പൂജകള്‍ നടന്നിരുന്നില്ല. എന്നാല്‍ ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായതോടുകൂടിയാണ് മുൻപ് പറഞ്ഞ പൂജകൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദേവസ്വം ബോർഡ് ദേവസ്വം എക്സിക്യൂട്ടീവ് മെമ്പർ പി.എസ്.ശാന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിഹാരക്രിയകള്‍ നടന്നത്. ALSO READ: ശബരിമല നെയ്യ് ക്രമക്കേട്; ദേവസ്വം മുന്‍ പ്രസിഡന്‍റ് പി.എസ്.പ്രശാന്തിനെ പ്രതി ചേര്‍ക്കും ...
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് ആദ്യം പൂജ നടന്നത്. കൊല്ലൂരിൽ മഹാപൂജയാണ് ഇനി നടക്കാനുള്ളത്. അത് ഉടൻതന്നെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കാസർകോട് ഇനി നടക്കാനുള്ളത് രംഗപൂജയാണ്. അത് പിന്നീട് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്. വളരെ രഹസ്യമായാണ് ഈ പൂജകൾക്കായി ദേവസ്വം അധികാരികള്‍ എത്തിയത്. കേരളത്തിലെ 25 ക്ഷേത്രങ്ങളിൽ പൂജകൾ നടത്തണമെന്നാണ് അന്നത്തെ ദേവപ്രശ്നത്തിൽ കണ്ടെത്തിയത്. ബാക്കിയുള്ള ക്ഷേത്രങ്ങളിലും ഉടൻതന്നെ പൂജകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.