Untitled design - 1

ഓർമ്മകുറവുമൂലം വഴിതെറ്റി സഞ്ചരിച്ച വയോധികന് രക്ഷയായി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍. പട്ടാമ്പിക്കടുത്ത ഞാങ്ങാട്ടിരിയിൽനിന്നും പ്രഭാതനടത്തത്തിനിറങ്ങിയ 85 വയസ്സുള്ള വയോധികൻ ഓർമ്മക്കുറവുമൂലം വഴിതെറ്റി തൃശൂരിലെത്തിപ്പെടുകയായിരുന്നു. ഈ സമയം പട്ടാമ്പി പൊലീസ് വയോധികനായി അന്വേഷണം ആരംഭിച്ചിരുന്നു.

ഈ മാസം പതിനഞ്ചാം തീയതി കാലത്താണ് വയോധികൻ നടക്കാനിറങ്ങിയത്. ഓർമ്മകുറവുമൂലം കുറെ നടക്കുകയും വഴിതെറ്റിയ വയോധികൻ വീട്ടിലേക്ക് പോകാന്‍ ഒരു ബസ്സിൽ കയറി. തൃശൂർ എംഒ റോഡിൽ വന്നിറങ്ങി സ്ഥലകാല ബോധമില്ലാതെ നിൽക്കുന്നതുകണ്ട വയോധികനോട് കാര്യങ്ങള്‍ തിരക്കിയത് ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെഡി. കോളേജ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എബ്രഹാമും സിവിൽ പോലീസ് ഓഫീസർ അജിത്കുമാറുമായിരുന്നു.

വയോധികനെ കണ്ട് സംശയം തോന്നി വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വഴിതെറ്റിവന്നതാണെന്ന് മനസ്സിലാക്കി. ഉടൻതന്നെ ഈ വിവരം പൊലീസ് കൺട്രോൾ റൂമിലേക്ക് വയർലെസ് സെറ്റ് മുഖാന്തരം അറിയിക്കുകയും തൽസമയം തന്നെ പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനും സംഘവും പൊലീസ് ജീപ്പിൽ എംഒ റോഡ് ജംഗ്ഷനിൽ എത്തി വയോധികനെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പിന്നീട് ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജോയുടെ നിർദേശത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ കെ.പി ഷിബു വയോധികനെ സമാധാനിപ്പിച്ച് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഫോട്ടോയും ലഭിച്ച വിവരങ്ങളും പട്ടാമ്പിയിൽ ഉള്ള സബ് ഇൻസ്പെക്ടർ ഹംസയെ അറിയിച്ചു. ഈ സമയം വയോധികൻ വീട്ടിൽ നിന്നും പോയി തിരിച്ചുവരാതെയിരുന്നപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് സിസിടിവി ക്യാമറകൾ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു. വൈകീട്ടോടെ വീട്ടുകാർ സ്റ്റേഷനിലെത്തിയാണ് ഓര്‍മ്മക്കുറവുള്ള വയോധികനെ വീട്ടിലേക്ക് കൊട്ടികൊണ്ടുപോയത്.

ENGLISH SUMMARY:

Elderly man found safe after wandering due to memory loss. A kind police officer identified him on MO Road in Thrissur and ensured he was safely returned to his family in Pattambi.