സ്വന്തം വേരുകള്‍ തേടിയെത്തിയിരിക്കുകയാണ് തിരുവനന്തപുരത്ത് ജനിച്ച സ്വീഡിഷ് പൗരന്‍ തോമസ് ആന്‍ഡേഴ്സണ്‍. 40 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്‍റില്‍ നിന്ന് സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തതാണ് തോമസിനെ. മാതാപിതാക്കളേയും സഹോദരിയേയും ഒരു നോക്കു കാണണമെന്ന ആഗ്രഹത്തില്‍ തിരുവനന്തപുരത്ത് തുടരുകയാണ് തോമസ്.
1983 ഒാഗസ്റ്റ് 25 ആണ് ഒൗദ്യോഗിക രേഖകളിലെ തോമസിന്‍റെ ജനനതീയതി. 84 ല്‍ കോണ്‍വെന്‍റിലെത്തിയ കുട്ടിയെ സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തു. തോമസ് വളര്‍ന്നു, ഇന്ന് സ്വീഡനിലെ അറിയപ്പെടുന്ന സൈക്കോളജിസ്റ്റാണ്. സുഹൃത്ത് സ്റ്റീഫനുമൊത്ത് സ്വന്തം വേരുകള്‍ തേടിയിറങ്ങിയിരിക്കുകയാണിപ്പോള്‍ .
അനാരോഗ്യമുളള കുഞ്ഞിനെ പാവപ്പെട്ടവരായ മാതാപിതാക്കള്‍ കന്യാസ്ത്രീ മഠത്തില്‍ വളര്‍ത്താനേല്‍പിച്ചെന്ന വിവരം മാത്രമാണ് തോമസിനുളളത്. പീന്നീടൊരിക്കല്‍ അതേ മഠത്തിലെ സിസ്റ്റര്‍മാര്‍ തോമസിന് ഒരു സഹോദരിയുണ്ടെന്നും ഒാര്‍ത്തെടുത്തു. അന്നു മുതല്‍ അവരെ തേടുകയാണ് തോമസ്.
അന്ന് മഠത്തില്‍ നിന്ന് എടുത്തതും സ്വീഡനില്‍ എത്തിയ ഉടനെയുമുളള കുറച്ച് ഫോട്ടോകളാണ് ആകെയുളള പിടിവളളി. ബന്ധുക്കളെ കണ്‍ നിറയെ ഒന്ന് കാണണം, ഒന്ന് കെട്ടിപ്പിടിക്കണം തോമസ് മോഹങ്ങള്‍ ഒാരോന്നായി പറയുന്നു.