തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർച്ചയായ വിവാദങ്ങൾക്കിടെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിൻ്റെ കത്ത് . ചികിൽസാ ഉപകരണങ്ങളുടെ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണ് സൂപ്രണ്ടിൻ്റെ താല്പര്യക്കുറവിന് കാരണമെന്ന് സൂചന. ചികിൽസാ ഉപകരണങ്ങൾ ക്ഷാമമുണ്ടെന്ന് വെളിപ്പെടുത്തിയ ഡോ ഹാരിസിനെതിരെ സൂപ്രണ്ടും പ്രിൻസിപ്പലും നടത്തിയ ഈ വാർത്താ സമ്മേളനമാണ് ഡോ ബി എസ് സുനിൽ കുമാറിനെ ഒടുവിൽ വിവാദത്തിലാക്കിയത്.
ഈ വാർത്താസമ്മേളനം ഉന്നതങ്ങളിൽ നിന്ന് നിർബന്ധിച്ച് നടത്തിയെന്ന പരാതി അദ്ദേഹത്തിനുണ്ടായിരുന്നതായി അന്ന് മുതൽ സൂചനയുണ്ട്. ഇതിനു പിന്നാലെയാണ് സ്ഥാനത്ത് നിന്ന് മാറാൻ താല്പര്യം പ്രകടിപ്പിച്ച് സൂപ്രണ്ട് കത്ത് നല്കിയത്. 2024 മേയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടാണ് ഡോ ബി എസ് സുനിൽകുമാർ . ഡോക്ടറെന്ന നിലയിൽ ചുമതലകളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സൂപ്രണ്ടിൻ്റെ ചുമതലയിൽ നിന്ന് മാറ്റണമെന്നുമാണ് കത്തിൽ.
എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തുടർച്ചയായ വിവാദങ്ങളും അദ്ദേഹത്തെ ചുമതലയൊഴിയാൻ പ്രേരിച്ചെന്നാണ് വിവരം. കാർഡിയോളജി, യൂറോളജി വിഭാഗങ്ങളിൽ ഉപകരണ ക്ഷാമം രൂക്ഷമാണ്. സുനിൽകുമാറിന് മുമ്പ് സൂപ്രണ്ട് ആയിരുന്ന ഡോ എ നിസാറുദീനും താല്പര്യമില്ലായ്മ പ്രകടിപ്പിച്ച് ചുമതലൊഴിയുകയായിരുന്നു.