പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗമായിരുന്ന മലയാളി ഷിൻസ് തലച്ചി കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ ബൈക്കപകടത്തിൽ മരിച്ചത്. ജോലിസ്ഥലത്തുനിന്ന് ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു ഷിന്‍സ്. ഒൻപതുവർഷം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ പ്രവർത്തിച്ചു.
പ്രധാനമന്ത്രി കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച വാഹനം ഓടിച്ചത് ഷിൻസായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കപകടത്തിൽ മരിച്ചത്. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അദ്ദേഹം അടുത്ത ജനുവരിയോടെ വിരമിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ആലോചനയിലായിരുന്നു.
മണ്ഡപം സെയ്ന്റ് ജോസഫ് എയ്ഡഡ് യുപി സ്കൂളിൽനിന്ന് പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിൻസ് കടുമേനി സെയ്ന്റ് മേരീസ് ഹൈസ്കൂളിലായിരുന്നു തുടർപഠനം. 23 വർഷം മുമ്പാണ് അതിർത്തിരക്ഷാസേനയിൽ ചേർന്നത്. 192-ാം ബറ്റാലിയനിലായിരുന്നു നിയമനം.
ബുധനാഴ്ച രാവിലെയാണ് അപകടവിവരം വീട്ടിലറിയിച്ചത്. ഭാര്യ ജസ്മിയുടെ ഫോണിലേക്കാണ് ബിഎസ്എഫിൽനിന്ന് വിളിച്ചത്. ചെറിയ പരിക്ക് പറ്റിയെന്നേ ആദ്യം പറഞ്ഞുള്ളൂ. വീട്ടുകാർ പുറപ്പെടാൻ ആലോചിക്കുമ്പോഴേക്ക് അടുത്ത കോൾ വന്നു, വരേണ്ടെന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ്. കണ്ണൂർ മണക്കടവിലാണ് സ്ഥിരതാമസം. ഭാര്യ: ജെസ്മി (നഴ്സ് ഉദയഗിരി). മക്കൾ: ഫിയോണ, ഫെബിൻ (ഇരുവരും ശ്രീപുരം സ്കൂൾ വിദ്യാർഥികൾ).