യുവ മാധ്യമപ്രവർത്തകയെ ഗുവാഹത്തിയിലെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രാദേശിക വാർത്താ പോർട്ടലിൽ ആങ്കറായി ജോലി ചെയ്തിരുന്ന റിതുമോണി റോയ് എന്ന യുവതിയെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വിവാഹം ഡിസംബർ 5ന് നടക്കാനിരിക്കുകയായിരുന്നു.
വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്തിരുന്നു. സംഭവത്തിന് തലേദിവസം രാത്രി സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലും റിതുമോണി പങ്കെടുത്തിരുന്നു. അതിനുശേഷം ഓഫീസിലേക്ക് മടങ്ങിയെത്തിയ റിതുമോണി അന്ന് രാത്രി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
നവംബർ 23ന് ജോലിക്ക് ഹാജരായ റിതുമോണി ഷിഫ്റ്റ് അവസാനിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിയില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാവിലെ സഹപ്രവർത്തകരാണ് മൃതദേഹം കണ്ടെത്തുന്നത്. ‘ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്, ക്ഷമിക്കണം’" എന്ന് എഴുതിയ ഒരു കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ജീവനൊടുക്കിയതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളായിരിക്കാം കാരണമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.