കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടപടിക്രമങ്ങളില്‍ കുരുങ്ങി സംസ്കാരം കാത്ത് കിടക്കുന്നത് 10 മ്യതദേഹങ്ങള്‍. ദിവസങ്ങള്‍ കഴിയും തോറും മ്യതദേഹങ്ങള്‍ അഴുകാനുള്ള സാധ്യതയും കൂടുതലാണ്. അനാഥ മ്യതദേഹങ്ങള്‍ കൊണ്ട് മോര്‍ച്ചറി നിറഞ്ഞതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടികളെ അടക്കം ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
കോഴിക്കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും, മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും എത്തിച്ച 10 മ്യതദേഹങ്ങളാണ് സംസ്കാരം കാത്ത് കിടക്കുന്നത്. അതില്‍ പലതും ഫ്രീസറില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സമയവും കഴിഞ്ഞു.മ്യതദേഹം അഴുകി തുടങ്ങുന്നതിന് മുന്‍പ് സംസ്കാരം നടത്താന്‍ കഴിയുമോയെന്നതില്‍ ഉറപ്പില്ല.
രണ്ട് ഫ്രീസറുകളിലായി 36 മ്യതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള ശേഷിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുള്ളത്,എന്നാല്‍ ഇതിലോരു ഫ്രീസര്‍ തകരാറിലാണ്.ഈ സാഹചര്യത്തിലാണ് മോര്‍ച്ചറിയുടെ പ്രവര്‍ത്തനത്തിനെ ബാധിക്കുമോയെന്ന ആശങ്ക പോലും ഉയര്‍ന്നിരിക്കുന്നത്
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഇപ്പോള്‍ സൂക്ഷിച്ചിട്ടുളള 10 മ്യതദേഹങ്ങളും ബന്ധുക്കള്‍ അന്വേഷിച്ച് വരാത്തതോ, തിരിച്ചറിയാത്തവയോയാണ്. ഈ മ്യതദേഹങ്ങള്‍ സംസ്കാരിക്കാനും ചട്ടമുണ്ട്. ബന്ധുക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ മ്യതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി, മരിച്ചയാളുടെ ചിത്രത്തോടൊപ്പം പത്രത്തില്‍ പരസ്യം നല്‍കണം.
പരസ്യം നല്‍കി ഏഴു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ സംസ്കാരത്തിനായി മ്യതദേഹം തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണമെന്നാണ് ചട്ടം. മ്യതദേഹം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് പൊലീസ് പറയുന്നത്. നടപടി ക്രമങ്ങളില്‍ കുരുങ്ങി മ്യതദേഹം കിടക്കുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസ് എടുത്തിട്ടുണ്ട്.