ക്രിമിനൽ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് കോളജുകളില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ കേരള സർവകലാശാല. സര്‍വകലാശാലയുടെ കീഴിലെ ഏതു കോഴ്സിനു  പ്രവേശനം നേടുന്നവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഡീബാര്‍ചെയ്യാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അധികാരമുണ്ട്. കേരള സര്‍വകലാശാലക്ക് കീഴിലെ ഏതു കോഴ്സിനു ചേരാന്‍ ആഗ്രഹിക്കുന്നവരും  കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.

സ്ത്രീകൾ , കുട്ടികള്‍ എന്നിവര്‍ക്കുനേരെയുള്ളകേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ തിരിമറി നടത്തി ശിക്ഷിക്കപ്പെട്ടവരാണോ, കോളേജുകളിൽ   നിന്ന്  ഏതെങ്കിലും ഘട്ടത്തില്‍  ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ,  എന്നതുള്‍പ്പെടയുള്ളവ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. സത്യവാങ്മൂലം തെറ്റെന്നു തെളിഞ്ഞാല്‍  നടപടി വരും. അത്തരം വിദ്യാർത്ഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാം.  പ്രിന്‍സിപ്പലിന്‍റെ തീരുമാനം  കോളേജ് കൗൺസിലിന് മാത്രമേ പുനപരിശോധനക്കിനാവൂ.

 കോളേജ് കൗൺസിലും പ്രവേശനം നിഷേധിച്ചാൽ വിദ്യാർഥികൾക്ക് പരാതിയുമായി സർവകലാശാലയെ സമീപിക്കാനാവും. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകൾക്കും ബിരുദ കോഴ്സുകൾക്കും ഈ നിബന്ധന ബാധകമാണ്. വി.സി ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതിയുടെതാണ് തീരുമാനം.

ENGLISH SUMMARY:

Kerala University admission is now restricted for individuals with criminal records. The university mandates a self-attested affidavit declaring no involvement in criminal cases, with principals authorized to debar students for false declarations.