കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ സംഭവത്തില്‍ സെനറ്റ് യോഗത്തിലും പാളയം കാമ്പസിലും വന്‍ പ്രതിഷേധം. ഡീൻ ഡോ. വിജയകുമാരിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും ഇടത് സെനറ്റ് അംഗങ്ങളും പ്രതിഷേധിച്ചു. സി എൻ വിജയകുമാരിയെ ന്യായീകരിക്കാനെത്തിയ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി പരാമർശം വലിയ പ്രതിഷേധത്തിന് വഴിവെച്ചു.
ജാതി അധിക്ഷേപം നടത്തി എന്ന ആരോപണം നേരിടുന്ന ഡീന്‍ ഡോ സി എൻ വിജയകുമാരിയെ പുറത്താക്കുക എന്ന ആവശ്യമുന്നയിച്ച് സെനറ്റ് യോഗത്തിൽ ഇടത് അംഗങ്ങൾ ശക്തമായി പ്രതിഷേധമുയർത്തി. ഇതിനിടെ ബി ജെ പി സിൻഡിക്കേറ്റ് അംഗങ്ങൾ പുറത്തുവന്ന് നടത്തിയ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കി. ഡീനിനെ പുറത്താക്കുക, വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ മാർച്ച് നടത്തി. സർവകലാശാല ആസ്ഥാനത്ത് ചേർന്ന സെനറ്റ് യോഗം ഇന്നും സ്തംഭിച്ചു. ജാതി അധിക്ഷേപത്തിലും സെനറ്റ് യോഗം കലങ്ങിയതിലും പ്രതിഷേധവുമായി യുഡി എഫും രംഗത്തെത്തി.
വിസി ഡോ.മോഹനന്‍കുന്നുമ്മലിന്‍റെ വാഹനം എസ്.എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് വലിയ സംഘര്‍ഷസാഹചര്യമുണ്ടാക്കി. വിപിന്‍വിജയന്‍ എന്ന ഗേവേഷക വിദ്യാര്‍ഥിയാണ് ഡീന്‍ ജാതിഅധിക്ഷപം നടത്തി എന്ന പരാതി നല്‍കിയത്. നടപടി ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് എസ്.എഫ് ഐ തീരുമാനം.