പുലിനഖക്കേസിലും ലഹരിക്കേസിലും കുടുക്കി തന്നെ ജയിലിലാക്കാൻ ശ്രമം നടത്തിയതിനെതിരെ സമയോചിത ഇടപെടൽ നടത്തിയ ദളിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം കപിക്കാടിന് നന്ദി പറഞ്ഞ് റാപ്പര്‍ വേടന്‍. പ്രതിസന്ധി ഘട്ടത്തിൽ സമുദായ അംഗങ്ങളും സംഘടനകളും സമൂഹവും തനിക്ക് നല്‍കിയ പിന്തുണ വലുതാണെന്നും, തിരിച്ചുവരുവാനുള്ള ആത്മവിശ്വാസം നല്‍കിയത് ഈ പിന്തുണയാണെന്നും വേടന്‍ പറഞ്ഞതായി ദളിത് സമുദായ മുന്നണി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സണ്ണി എം കപിക്കാടിനെ പ്രശസ്ത റാപ്പ് ഗായകൻ വേടൻ സെപ്തംബർ 15 ന് രാവിലെയാണ് സന്ദർശിച്ചത്. കേസുകളില്‍ കുടുക്കി തന്നെ ജയിലിലാക്കാൻ ശ്രമം നടത്തിയപ്പോൾ, ദളിത് സമുദായ മുന്നണി നേതൃത്വം സമയോചിത ഇടപെടൽ നടത്തുകയും, വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും ഗൂഡ നീക്കത്തിനെതിരെ അധികാരികൾക്ക് പരാതിയും നല്‍കുകയും കോടതിയെ സമീപിക്കുകയും ചെയ്തതിൽ സംഘടനയോടും സണ്ണി എം കപിക്കാടിനോടുമുള്ള നന്ദി വേടൻ രേഖപ്പെടുത്തി.
ഇപ്പോഴും ചില കോണുകളിൽ നിന്ന് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. കലാകാരന്മാർ പൊതു സ്വത്താണെന്നും, ജനകീയ ഗായകനായി വേടനെ ലോകം അംഗീകരിച്ചതിൻ്റെ തെളിവാണ് വമ്പിച്ച ജനപിന്തുണയെന്നും സണ്ണി എം കപിക്കാട് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഉത്തരവാദിത്ത പൂർണമായ ഇടപെടലാണ് വേടനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. വിവാദമുണ്ടായേക്കാവുന്ന സന്ദർഭങ്ങളിൽ നിന്ന് അകന്നു നില്ക്കണമെന്നും, അംബേദ്കറൈറ്റ് രാഷ്ട്രീയം ശക്തിപ്പെടുത്തുവാനുള്ള രാസത്വരകമായി വർത്തിക്കുവാൻ കഴിയണമെന്നും വേടനോട് സണ്ണി എം കപിക്കാട് പറഞ്ഞു. ഗെയ്ൽ ഓംവദിൻ്റെ അംബേദ്കർ , ഒരു പ്രബുദ്ധ ഇന്ത്യക്കായി എന്ന പുസ്തകം സണ്ണി എം കപിക്കാട് വേടന് സമ്മാനമായി നല്‍കി.