വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലൈംഗികാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തി. പച്ച ഷര്‍ട്ടും കയ്യിലൊരു ബാഗുമായി ചിരിയോടെയാണ് രാഹുല്‍ സഭയിലെത്തിയത്. പാർലമെൻററി പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ പ്രത്യേക ബ്ലോക്കിലാണ് രാഹുലിന് ഇരിപ്പിടം.

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കു സഭ ചരമോപചാരം അർപ്പിച്ചു. ഇതു മാത്രമാണ് ഇന്നത്തെ നടപടി. വിഎസിന്റെ മകൻ വി.എ.അരുൺകുമാർ സഭയിലെ സന്ദർശക ഗ്യാലറിയിൽ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക

ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയർത്താം. തിരികെ ഭരണപക്ഷത്തെ ആരോപണവിധേയരായ എംഎൽഎമാർക്കെതിരെ യുഡിഎഫ് തിരിയും. അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ആകെ 13 ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്കെത്തുക

ENGLISH SUMMARY:

Kerala Assembly Session commences amidst controversies. The session will address key issues and legislative matters.