പതിനെട്ടുകാരനായ ബിൽജിത്തിന്റെ ഹൃദയം പതിമൂന്നുകാരിയിൽ സ്പന്ദിച്ചുതുടങ്ങി. മസ്തിഷ്ക മരണം സംഭവിച്ച ബിൽജിത്ത് ബിജുവിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിൽ എത്തിച്ച് കൊല്ലം സ്വദേശിനിയായ പെൺകുട്ടിയിൽ മാറ്റിവെച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് നാളെ മാറ്റും.
കഴിഞ്ഞ രണ്ടിന് നെടുമ്പാശേരി കരിയാട് ദേശീയപാതയിലാണ് അങ്കമാലി സ്വദേശി ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് അപകടമുണ്ടായത്. ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് കുടുംബം അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. മൂന്നുവർഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിയായ പതിമൂന്നുകാരി. ഇന്നലെ ഉച്ചയോടെയാണ് വൈകിട്ട് ഏഴുമണിക്ക് മുൻപായി കൊച്ചി ലിസി ആശുപത്രിയിൽ എത്താനുള്ള നിർദ്ദേശം പെൺകുട്ടിയുടെ കുടുംബത്തിന് ലഭിച്ചത്. ആദ്യഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും കാലതാമസം വരുമെന്നതിനാൽ വന്ദേഭാരതിൽ കുട്ടിയെ കൊച്ചിയിലെത്തിച്ചു.
പരിശോധനകൾക്ക് ഒടുവിൽ പതിനൊന്നരയോടെ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ തയ്യാറായി.അതേസമയം, ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി ബിൽജിത്തിന്റെ ഹൃദയം കുട്ടിക്ക് അനുയോജ്യമാണോയെന്നും പരിശോധിച്ചു. തുടർന്ന് പുലർച്ചെ ഒരുമണിയോടെ റോഡ് മാർഗ്ഗം അതിവേഗം ബിൽജിത്തിന്റെ ഹൃദയവുമായി കൊച്ചിയിലേക്ക്. ഒന്നേ ഇരുപതോടെ ഹൃദയം ലിസി ആശുപത്രിയിൽ. രാവിലെ ആറരയോടെ ശസ്ത്രക്രിയ പൂർത്തിയായി. ഹൃദയത്തിനു പുറമേ ബിൽജിത്തിന്റെ കരൾ, പാൻക്രിയാസ്, കണ്ണുകൾ, ചെറുകുടൽ എന്നിവയും ദാനം ചെയ്തിരുന്നു.