TOPICS COVERED

‘200 വണ്ടി ഇറങ്ങിയെങ്കിൽ അത് ഓടിച്ച 150 പേരും മരിച്ചു, അത്രയ്ക്ക് അപകടമാണ് ഈ ഡ്യൂക്ക് ബൈക്ക്, മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത് കുഞ്ഞുങ്ങള്‍ക്ക് ഈ വാഹനം എടുത്ത് കൊടുക്കരുത്. ഇപ്പോള്‍ നോക്കു ആ പാവം ഐസക്കിന്‍റെ ജീവന്‍ എടുത്തില്ലെ’, കഴിഞ്ഞ ദിവസം വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജിന്‍റെ വീട്ടിലെത്തിയ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ വാക്കുകളാണിത്.

ഐസക് ജോർജിന്റെ ഹൃദയം ഉൾപ്പടെയുള്ള 6 അവയവങ്ങളാണ് ദാനം ചെയ്തത്

കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ വെച്ച് സെപ്റ്റംബർ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്ററന്റിന് മുൻവശത്ത് റോഡ് മുറിച്ച് കടക്കവേയാണ് ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചത്. അമിത വേഗതയിൽ പാഞ്ഞ് വന്ന ഡ്യൂക്ക് ബൈക്ക് ഐസക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐസകിനെ ഉടൻ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

സെപ്റ്റംബർ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഐസക് ജോർജിന്‍റെ ഹൃദയം ഉൾപ്പടെയുള്ള 6 അവയവങ്ങളാണ് ദാനം ചെയ്തത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 വയസ്സുകാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഐസക് ജോർജിന്‍റെ ഹൃദയം നൽകിയത്.

ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്, 2 നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കുമാണ് നൽകിയത്.

ENGLISH SUMMARY:

Road accidents in Kerala are a major concern. The recent tragic accident involving Isaac George, and the subsequent organ donation, has highlighted the need for greater road safety awareness and responsible driving.