സിഐഎസ്എഫ് ഓപറേഷനല്‍ കോണ്‍ഫറന്‍സ് കൊച്ചി വിമാനത്താവളത്തില്‍ ആരംഭിച്ചു. മാറി വരുന്ന കാലഘട്ടത്തിലെ വ്യോമയാന സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളും, ദക്ഷിണേന്ത്യ മേഖലയിലെ വ്യോമയാന സുരക്ഷാ നടപടികള്‍ സംബന്ധിച്ച അവലോകനവുമാണ് കോണ്‍ഫറന്‍സ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്.
സിഐഎസ്എഫ് സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ പര്‍വീണ്‍ രഞ്ജന്‍ ഓപറേഷനല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. വ്യോമയാന സുരക്ഷ മനുഷ്യ കേന്ദ്രീകൃതമാവുകയും സാങ്കേതികവിദ്യ നിരന്തരം പുരോഗമിക്കുകയും ചെയ്യുന്നത് വഴി സുരക്ഷയും യാത്രക്കാരുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐജി ജോസ് മോഹന്‍, ഡിഐജി ആര്‍.പൊന്നി തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.
ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള ചീഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫിസര്‍മാരും സീനിയര്‍ ഡിഐജിമാരുമാണ് സിഐഎസ്എഫ് ഓപറേഷനല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. സുരക്ഷാ സാങ്കേതികവിദ്യകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും സിയാല്‍ ഐടി വിഭാഗം സെമിനാര്‍ നടത്തി. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം, ഫുള്‍ ബോഡി സ്കാനറുകള്‍, പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും.