‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം ഇന്നും ജനഹൃദയങ്ങൾ കീഴടക്കുന്നതിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് തോപ്പിൽ ഭാസിയുടെ മകൾ മാല. ആലപ്പുഴയിലെ സിപിഐ സമ്മേളനത്തിന് സാക്ഷിയാകാനാണ് മാല എത്തിയത്. മുത്തച്ഛന്‍റെ നാടകം ആഘോഷിക്കപ്പെടുന്നതിൽ ചെറുമകൾ ചിത്രയും ഹാപ്പിയാണ്.
മാല എന്ന് അച്ഛൻ പേരിട്ടതിൽ സ്കൂളിൽ പോകുന്ന കാലത്ത് തോപ്പിൽ ഭാസിയുടെ മകൾക്ക് വിഷമമായിരുന്നു . പക്ഷേ തന്‍റെ പ്രിയപ്പെട്ട നാടകത്തിലെ കഥാപാത്രത്തിന്‍റെ പേര് തോപ്പിൽ ഭാസി മകൾക്ക് നൽകിയത് അത്ര അഭിമാനത്തോടെ ആയിരുന്നു. ഇന്ന് മകളും അഭിമാനിക്കുന്നു . അച്ഛൻ വിട പറഞ്ഞിട്ടും നാടകം ഇന്നും ജനഹൃദയങ്ങൾ കീഴടക്കുന്നതിൽ.
മുത്തച്ഛന്‍റെ നാടകങ്ങളെ പറ്റി പറയുമ്പോൾ ചെറുമകൾ ചിത്രയ്ക്കും നൂറുനാവ്. സിപിഐ സമ്മേളന വേദിയിൽ എത്തിയ മാലയോടും മകൾ ചിത്രയോടും പാർട്ടി നേതാക്കൾ വിശേഷങ്ങൾ തിരക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തുന്നതിലും ആദ്യ മന്ത്രിസഭയെ അധികാര അധികാരത്തിൽ എത്തിക്കുന്നതിലും ഏറെ പങ്കു വഹിച്ചിട്ടുണ്ട് തോപ്പിൽഭാസി രചിച്ച ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം .