ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പക്ഷിയായ എമുവിനെ വീട്ടിൽ അരുമയായി വളർത്തുകയാണ് കണ്ണൂർ പനങ്ങാട്ടൂർ സ്വദേശി സുജീന്ദ്രനും കുടുംബവും. മൂന്ന് എമു പക്ഷികളാണ് വീട്ടുകാർക്കൊപ്പം ഇടപഴകി കഴിയുന്നത്. കൗതുകത്തിന് എമുവിന്‍റെ മുട്ട ഇൻകുബേറ്ററിൽവച്ച് വിരിയിപ്പിച്ചെടുത്തായിരുന്നു തുടക്കം.
അക്കു, ചക്ക, ലാലു എന്നീ പേരുകളിൽ മൂന്ന് എമു പക്ഷികളെയാണ് സുജീന്ദ്രനും കുടുംബവും ഒമാനിച്ച് വളർത്തുന്നത്. ഓസ്ട്രേലിയയാണ് സ്വദേശമെങ്കിലും കേരളത്തിലെ കാലാവസ്ഥയും എമുവിന് പ്രിയമാണ്. വനം വകുപ്പിന്‍റെ അംഗീകൃത വന് ജീവി സംരക്ഷകനായ സുജിന്ദ്രൻ ഒരു കൗതുകത്തിനാണ് എമുവിനെ വളർത്താൻ തീരുമാനിച്ചത്. എമുവിന്‍റെ മുട്ട ഇൻകുബേറ്ററിൽവച്ച് വിരിയിപ്പിച്ചെടുക്കുകയായിരുന്നു.
വിനോദത്തോടൊപ്പം എമു വളർത്തൽ സുജീന്ദ്രന് വരുമാനമാർഗവുമാണ്. മിശ്രഭോജിയായ എമുവിന് മുട്ടക്കോഴികൾക്ക് നൽകുന്ന തീറ്റയും മധുരക്കിഴങ്ങിന്‍റെ ഇലയുമാണ് ഭക്ഷണമായി നൽകാറുള്ളത്. സുജീന്ദ്രന്‍റെ മക്കളാണ് ഒഴിവു വേളകളിലെല്ലാം എമുവിനെ പരിപാലിക്കുന്നത്. മികച്ച രോഗപ്രതിരോധശേഷിയുള്ള പക്ഷിയായ എമു, വർഷത്തിൽ 100 മുട്ടകൾ വരെ ഇടും. 40 വർഷം വരെയാണ് ആയുസ്സ് .