Image Credit: Facebook.com/ActorSureshGopi

Image Credit: Facebook.com/ActorSureshGopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കി. അടിയന്തരമായി ഡൽഹിക്ക് പോകേണ്ടതിനാൽ തൃശൂരിൽ ഞായറാഴ്ച വൈകീട്ട് മുതല്‍ നിശ്ചയിച്ച പരിപാടികളാണ് റദ്ദാക്കിയത്. ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നവരോട് ക്ഷമ ചോദിക്കുന്നതായി സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. 

പ്രധാനമന്ത്രി ഉടൻ ഡല്‍ഹിയില്‍ എത്തണം എന്ന് നിര്‍ദ്ദേശിച്ചതിനാലാണ് എല്ലാ പരിപാടികളും റദ്ദാക്കി ഡൽഹിയിലേക്ക് പോകേണ്ടി വന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും സുരേഷ് ഗോപി കുറിച്ചു. രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുരേഷ് ഗോപി പങ്കുവച്ച കുറിപ്പിലുണ്ട്. 

സുരേഷ് ഗോപിയുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം,

തൃശ്ശൂരിലെ പ്രിയപ്പെട്ട ജനങ്ങളോടും, നാളെ തൃശ്ശൂരില്‍ നടക്കുന്ന ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഉടൻ ഡെല്‍ഹിയില്‍ എത്തണം എന്ന  നിര്‍ദേശം ലഭിച്ചതിനാൽ, ഇന്ന് വൈകുന്നേരം 4 മണി മുതൽ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി എത്രയും വേഗം ന്യൂഡൽഹിയിലേക്ക് പോകേണ്ടി വന്നിരിക്കുകയാണ്.

ഓണാഘോഷത്തിന്റെയും പുലിക്കളി മഹോത്സവത്തിന്റെയും ഉദ്‌ഘാടനത്തിനും ഗുരുദേവ ജയന്തി പ്രമാണിച്ച് എല്ലാ കൊല്ലവും നടത്തുന്ന മഞ്ഞ കടലില്‍ സംഗമത്തിലും പങ്കെടുക്കാൻ കഴിയാത്തതിൽ എനിക്ക് ഏറെ ഖേദമുണ്ട്. അതുപോലെ, ഇരിങ്ങാലക്കുട സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിലും പങ്കെടുക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇരിങ്ങാലക്കുടയിൽ നിന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് ഞാൻ വിലമതിക്കുകയും പൂർണ്ണമായും അംഗീകരിക്കുകയും ചെയ്യുന്നു.

ഇരിങ്ങാലക്കുടയിൽ മറ്റൊരു പ്രധാന ട്രെയിൻ സ്റ്റോപ്പ് ഉടൻ ലഭ്യമാക്കാൻ ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായാൽ, അതിന്റെ ഫ്ലാഗ് ഓഫ് നമ്മൾ ഒരുമിച്ച് വലിയ സന്തോഷത്തോടു കൂടി ആഘോഷിക്കുമെന്ന് ഉറപ്പുനൽകുന്നു.

രാജ്യത്തിന്റെ ആഹ്വാനം മുൻഗണന ലഭിക്കേണ്ടതാണ് എന്നത് നിങ്ങൾ എല്ലാവരും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി ക്ഷമ ചോദിച്ചു കൊണ്ട്,

നിങ്ങളുടെ സ്വന്തം,

സുരേഷ് ഗോപി

ENGLISH SUMMARY:

Suresh Gopi's programs have been cancelled. The central minister had to urgently travel to Delhi, leading to the cancellation of his scheduled events in Thrissur.