Image Credit: Facebook.com/Mallu.Traveler
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്രാവല്‍ വ്ലോഗര്‍മാരില്‍ ഒരാളാണ് മല്ലു ട്രാവലര്‍ എന്ന ഷാക്കിർ സുബ്ഹാന്‍. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 22 ലക്ഷത്തിലധികം പേരാണ് മല്ലു ട്രാവലര്‍ എന്ന അക്കൗണ്ട് ഫോളോ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ 60 ലക്ഷത്തിലധികം പേര്‍ പിന്തുടരുന്നു എന്നാണ് മല്ലു ട്രാവലറിന്‍റെ അവകാശവാദം. ആരോഗ്യസ്ഥിതി സംബന്ധിച്ച് ഷാക്കിര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
പരമാവധി ശ്രമിച്ചു. എന്നാല്‍ പരാജയപ്പെട്ടു. ഇതൊരുപക്ഷെ എല്ലാത്തിന്‍റെയും അവസാനമായേക്കാം എന്നാണ് ഷാക്കിര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അനാരോഗ്യം അറിയിച്ചുള്ള കുറിപ്പിന് പിന്നാലെയാണ് ഷാക്കിറിന്‍റെ പുതിയ കുറിപ്പ്. ഒരാഴ്ച മുന്നെ ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ഷാക്കിര്‍ മറ്റൊരു പോസ്റ്റ് പങ്കുവച്ചിരുന്നു.
ശാരീരികമായ പ്രശ്നങ്ങളുള്ളത് കൊണ്ട് തല്‍ക്കാലം മാറി നില്‍ക്കുകയാണെന്നും പ്രാര്‍ഥന ഉണ്ടാകണമെന്നുമായിരുന്നു കുറിപ്പ്. ബിസിനസിനെ പിന്തുണയ്ക്കണമെന്നും തനിക്കെന്തെങ്കിലും പറ്റിയാല്‍ കുടുംബം ജീവിക്കുന്നത് അതുവഴിയായിരിക്കുമെന്നും കുറിപ്പിലുണ്ടായിരുന്നു. അതേസമയം, പുതിയ പോസ്റ്റിന് പിന്നാലെ ഷാക്കിറിന് എന്തു പറ്റിയെന്ന ചോദ്യമാണ് കമന്‍റ് ബോക്സ് നിറയെ.
എന്ത് പറ്റിയതാണെന്ന് ആർക്കെങ്കിലും അറിയുമോ എന്നാണ് കമന്‍റ് ബോക്സിലുള്ളത്. നേരത്തെ പറഞ്ഞ ആരോഗ്യ പ്രശ്നത്തെ ബന്ധപ്പെടുത്തിയാകാം പുതിയ പോസ്റ്റ് എന്നും കമന്‍റ് ബോക്സിലുണ്ട്. ഒരു മാസം മുന്‍പാണ് ഷാക്കിര്‍ യൂട്യൂബില്‍ അവസാന ട്രാവല്‍ വിഡിയോ പങ്കുവച്ചത്. ഇന്ത്യയില്‍ നിന്നും റഷ്യയിലേക്കുള്ള യാത്രയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ ആയിരുന്നു ഇത്.