കൊല്ലത്ത് തിരുവോണ ദിനത്തിലെ രാത്രിയിൽ പൊലീസിനെയും ഫയർഫോഴ്സിനെയും വലച്ച് ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രാജേന്ദ്രനാണ് കല്ലടയാറ്റിലേക്ക് ഇപ്പോൾ ചാടുമെന്ന് ഭീഷണി മുഴക്കി എല്ലാവരെയും ഭയപ്പെടുത്തിയത്. ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടാൻ പോവുകയാണെന്ന് സഹോദരിയെ ഫോൺ വിളിച്ച് പറയുകയായിരുന്നു ഇയാള്‍.
പൊലീസെത്തി കല്ലടയാറ്റിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കിട്ടി. പക്ഷേ അത് രാജേന്ദ്രന്റെ മൃതദേഹമല്ലായിരുന്നു. അതോടെ പൊലീസും ഫയർഫോഴ്സും അകെ ആശയക്കുഴപ്പത്തിലായി. അറുപതിന് മുകളിൽ പ്രായം തോന്നിക്കുന്ന കൊമ്പൻമീശയുള്ള ആളാണ് മരിച്ചത്. പുത്തൂർ പൊലീസ് കേസെടുത്തു.
വിവരം അറിഞ്ഞ ഉടൻ രാജേന്ദ്രന്റെ സഹോദരിയാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം അറിയിച്ചത്. അങ്ങനെയാണ് ഫയർഫോഴ്സിനെയും കൂട്ടി പൊലീസ് ഏനാത്ത് പാലത്തിലേക്ക് പാഞ്ഞെത്തിയത്. പരിസരത്താകെ മണിക്കൂറുകൾ നോക്കിയിട്ടും രാജേന്ദ്രനെ കിട്ടിയില്ല. അതിന് തൊട്ട് മുൻപ് മറ്റൊരാൾ ആറ്റിലേക്ക് ചാടിയതായി ഒരാൾ പറഞ്ഞതോടെ സർവത്ര ആശങ്ക. വഴിയാത്രക്കാരൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ഫയർഫോഴ്സ് വിശദമായ തിരച്ചിൽ നടത്തിയപ്പോഴാണ് രാത്രിയോടെ ഒരു മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ആറ്റിൽ തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. രാജേന്ദ്രനെ കണ്ടെത്താനായില്ല. സഹോദരിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ രാജേന്ദ്രനെ പാലത്തിന് സമീപത്തു നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു.