നാല്പതുകളിലെ പ്രണയത്തിന്റെയും വിവാഹേതര ബന്ധങ്ങളുടെയും അപകടങ്ങളെ തുറന്നുകാട്ടി, ഫെയ്സ്ബുക്ക് പോസ്റ്റുമായി കുടുംബ കോടതി കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷക അഡ്വ. ജി കൃഷ്ണപ്രിയ. പ്രണയത്തിലെ പങ്കാളിക്ക് ജീവിതത്തിൽ മറ്റൊരു പങ്കാളി ഉണ്ടെങ്കിൽ പണി പാളുമെന്നും, പ്രണയത്തിൽ മുങ്ങി മുത്തും പവിഴവും വാരുന്നതിനിടയിൽ ഉറപ്പായും അയാൾ / അവൾ ജീവിതത്തിലെ പങ്കാളിയെ പലപ്പോഴും മറക്കുമെന്നും അവർ കുറിച്ചു.
പിള്ളേരോടൊപ്പം പോലും ഒന്നിരുന്ന് സംസാരിക്കാൻ നേരമില്ലാത്തവരായി മാറുന്ന നാല്പത്തിലെ “പ്രണയ വസന്തത്തെ ” പതിയെ അവർ വെറുത്തു തുടങ്ങും. പ്രണയിച്ചോളൂ ....പക്ഷേ അത് വഴിവിട്ടതായാൽ കൈവിട്ടു പോകുന്നത് നല്ലൊരു കുടുംബമായിരിക്കും. അതില്ലാത്തവർക്ക് എന്തുമാകാം എന്ന് പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്‍റെ പൂർണരൂപം
നാല്പതുകളിലെ പ്രണയം. ......നിലവിൽ പലരുടെയും നിരന്തര ചർച്ചാ വിഷയം. ..!
പ്രണയം നല്ലതാണ് ....അത് നമ്മിൽ സുഗന്ധം പടർത്തും ....ഏത് പ്രായത്തിലും ...അത് ആരോടാണ് എന്നതാണ് നമ്മെ സുഗന്ധത്തിൽ നിന്ന് ദുർഗന്ധത്തിലേക്ക് കളം മാറ്റുന്നത്. .
“ഒറ്റ ” ആയിട്ടാണ് ജീവിതമെങ്കിൽ മറുപുറത്തും അതേ സിംഗിൾ പസങ്ക ആണെങ്കിൽ കുഴപ്പമില്ല. ..സംഭവം കളറാകും!
എന്നാൽ പ്രണയത്തിലെ പങ്കാളിക്ക് ജീവിതത്തിൽ മറ്റൊരു പങ്കാളി ഉണ്ടെങ്കിൽ പണി പാളും . ...പ്രണയത്തിൽ മുങ്ങി മുത്തും പവിഴവും വരുന്നതിനിടയിൽ ഉറപ്പായും അയാൾ /അവൾ ജീവിതത്തിലെ പങ്കാളിയെ പലപ്പോഴും മറക്കും ....അവരിൽ നിന്ന് അകന്നിരിക്കുന്ന പ്രണയാതുര നിമിഷങ്ങൾക്കായി അവൻ /അവൾ സദാ പരിശ്രമിക്കും. ..മക്കൾ കൂടി ഉള്ളവരാണെങ്കിൽ പറയേണ്ട ...പിള്ളേരോടൊപ്പം പോലും ഒന്നിരുന്ന് സംസാരിക്കാൻ നേരമില്ലാത്തവരായി മാറുന്ന നാല്പത്തിലെ “പ്രണയ വസന്തത്തെ ” പതിയെ അവർ വെറുത്തു തുടങ്ങും. ...“ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളെ/ ഞ്ഞവനെ പാടി നടക്കുന്നതിനിടയിൽ പ്രണയ രോഗി ഇതൊന്നും അറിയുന്നുണ്ടാവില്ല. .....
അതങ്ങനെ ഒഴുകുന്നതിനിടയിലാവും താടിയും മുടിയും നരച്ച പുരുഷുവിനെയും , യൗവ്വനം അപ്പോഴും കുടില് കെട്ടി കുടിക്കിടപ്പ് കിടക്കുന്ന സരസുവിനെയും “അത്ര പോരാ ” എന്ന് പ്രണയ പങ്കാളിക്ക് തോന്നുകയും “ക്രഷ് ” തോന്നി വന്നവർ “ഫ്രഷ് ” നോക്കി പോകുകയും ചെയ്യുന്നത്. ... “ആ നേരമുണ്ടല്ലോ ...ചുറ്റുമുള്ളതൊന്നും അറിയത്തില്ല സാറേ ....” എന്ന് പറഞ്ഞാൽ അതാണ് അവസ്ഥ ...കടിച്ചതും പോയി പിടിച്ചതും പോയി നാട്ടുകാർക്ക് മുന്നിൽ മാനോം പോയി ...വീട്ടിലാണേൽ “പെറ്റ് ഡോഗ് ” ന് പോലും ഇഷ്ടമുള്ള “മെനു ” കിട്ടുന്നിടത്ത് “പ്രണയപ്പനി“ ബാധിതർക്ക് ഉപ്പിട്ട ചൂട് കഞ്ഞിയെങ്കിലും കിട്ടിയാൽ ഭാഗ്യം!
അതൊക്കെ പോട്ടെന്നു വയ്ക്കാം ....നരച്ച മുടീം താടീം ക്രഷ് ആയി വന്നവൾ മാറിയിരുന്ന് നീട്ടി മോങ്ങും “ അയ്യോ ....ദാ ഈ കിളവൻ എന്നെ പീഡിപ്പിച്ചേ ....” ന്ന് ..അപ്പോൾ പഴയ ശ്രീനിവാസൻ കഥാപാത്രത്തെ പോലെ “രാമേന്ദ്രാ നീയല്ലേ പാറ്റയെ പിടിച്ച് പാത്രത്തിൽ ഇട്ടത് ” എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ..
അത് പോലെ തന്നെ കെട്ട്യോന്റേം പിള്ളേരുടേം ഒപ്പം സന്തോഷമായി കഴിഞ്ഞിരുന്ന ഏടത്തിക്കും ക്യാമുകന്റെ ഭാഗത്ത് നിന്ന് “തലോടലിനു ശേഷം ”ഉർവ്വശി തീയേറ്റഴ്സിന്റെ അടുത്ത നാടകം “ തല്ലും തന്തയ്ക്ക് വിളിയും ” തുടങ്ങിയിട്ടുണ്ടാവും. ..കലാശത്തിന് “ബ്ലാക്‌മെയ്ലിംഗ് നടന്നില്ലെങ്കിൽ ആസിഡ് സ്നാനം ” പോലെയുള്ള ഹൊറർ ത്രില്ലർ നാടകവും കാണും.. ..
ഇത്രയൊക്കെ പറയാൻ നിങ്ങളാരാ പെണ്ണുമ്പിള്ളേ ...അനുഫവം ഗുരു എന്നൊക്കെ പറയാൻ വരട്ട് ...വക്കീലാണ് ...കുടുംബ കോടതി കേസുകൾ ആണ് കൈകാര്യം ചെയ്യുന്നതിൽ ഏറെയും (അതാണ് ഇപ്പോൾ കൂടുതൽ ) വരുന്നതിൽ ഏറെയും ഇപ്പറഞ്ഞ “ഫ്രണയ വസന്തങ്ങൾ ” നിമിത്തം ജീവിതം കോഞ്ഞാട്ട ആയവരാണ്. ..പങ്കാളിയെ പറ്റിച്ചു പ്രേമിക്കാൻ ഇറങ്ങിയവർ നിങ്ങളെയും പറ്റിക്കും ...മക്കളേ മറന്ന് ഉല്ലസിക്കാൻ ഇറങ്ങിയവർ നിങ്ങളെയും മറക്കും.. ..
ഇപ്പറഞ്ഞ പ്രണയം ആര് വിചാരിച്ചാലും ഉണ്ടാകും ; പക്ഷേ അത് ആരെങ്കിലും വേണ്ടെന്ന് വയ്ക്കുന്നു എങ്കിൽ അതവരുടെ വ്യക്തിത്വം !
പ്രണയിച്ചോളൂ ....പക്ഷേ അത് വഴിവിട്ടതായാൽ കൈവിട്ടു പോകുന്നത് നല്ലൊരു കുടുംബമായിരിക്കും. ....അതില്ലാത്തവർക്ക് എന്തുമാകാം ...
സ്നേഹപൂർവ്വം ,
മറ്റെന്തിനും മീതെയാണ് കുടുംബം എന്ന് കരുതുന്ന ഒരു “outdated typical wife cum lawyer ”