Untitled design - 1

പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേൽ സമുദായംഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് പേർ റാലി നടത്തിയതിന്‍റെ പശ്ചാത്തലത്തില്‍ കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായര്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ഇതിനെ മനുഷ്യാവകാശ ലംഘനമായോ വ്യക്തി സ്വാത്രന്ത്ര്യത്തിൻമേലുള്ള കടന്നു കയറ്റമായോ ഒക്കെ വ്യാഖ്യാനിക്കാമെന്ന് അദ്ദേഹം കുറിച്ചു.

ഒളിച്ചോടിയുള്ള വിവാഹത്തിനാണ് നിയന്ത്രണം വേണ്ടതെന്നും, പ്രണയിക്കുന്നവർ എന്തിനാണ് ഒളിച്ചോടുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ബന്ധുക്കളെയും സമൂഹത്തെയും പേടിക്കുന്നവർ പ്രണയം എന്ന പരിപാടിയ്ക്ക് പോകരുത്. പ്രണയിച്ച് വിവാഹം കഴിക്കുന്നവർക്ക്  തുടർന്ന് ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ, നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അതിജീവിയ്ക്കാനുള്ള സൗകര്യങ്ങൾ സ്റ്റേറ്റ് നിയമത്തിലൂടെ ഏർപ്പാടാക്കിക്കൊടുക്കണം. വധുവിൻ്റെ രജിസ്റ്റർ ഓഫീസ് പരിധിയിൽ  വിവാഹം നടത്തിയാല്‍,  നിർബന്ധിത മതപരിവർത്തനവും കബളിപ്പിക്കലും ഒക്കെ തടയുന്നതിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സുപ്രഭാതം.

സന്തോഷ ജാലകം തുറക്കാം.

പ്രണയ വിവാഹങ്ങൾ നിയന്ത്രിക്കണോ?

വേണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേൽ സമുദായംഗങ്ങളിൽപ്പെട്ട ആയിരക്കണക്കിന് പേർ റാലി നടത്തി.

സംഭവം മനുഷ്യാവകാശ ലംഘനം എന്നോ വ്യക്തി സ്വാത്രന്ത്ര്യത്തിൻമേലുള്ള കടന്നു കയറ്റം എന്നോ ഒക്കെ പറയാം.

ശരിക്കും വേണ്ടത് ഒളിച്ചോടിയുള്ള വിവാഹത്തിൻ്റെ നിയന്ത്രണമാണ്. 

പ്രണയിക്കുന്നവർ എന്തിനാണ് ഒളിച്ചോടുന്നത് ?

ബന്ധുക്കളെയും സമൂഹത്തെയും പേടിക്കുന്നവർ പ്രണയം എന്ന പരിപാടിയ്ക്ക് പോകരുത്.

വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പും അടിച്ചമർത്തലും ഭീഷണിയും പീഡനവും ഒക്കെയാണ് കാരണമെങ്കിൽ പ്രണയിച്ച് വിവാഹം കഴിക്കുന്നവർക്ക്  തുടർന്ന് ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ അതിനെ അതിജീവിയ്ക്കാനുള്ള സൗകര്യങ്ങൾ സ്റ്റേറ്റ് നിയമത്തിലൂടെ ഏർപ്പാടാക്കിക്കൊടുക്കണം.

റാലി നടത്തിയവരുടെ ആവശ്യങ്ങളിൽ ന്യായമെന്ന് തോന്നിയ ഒന്നു രണ്ടെണ്ണം ഞാനിവിടെ സൂചിപ്പിക്കാം.

വധുവിൻ്റെ രജിസ്റ്റർ ഓഫീസ് പരിധിയിൽ  വിവാഹം നടത്തുക എന്നതാണത്.

നിർബന്ധിത മതപരിവർത്തനവും കബളിപ്പിക്കലും ഒക്കെ തടയുന്നതിന് ഇത് സഹായകരമാകും.

പെൺകുട്ടികളാണ് കൂടുതലായും ചതിക്കുഴികളിൽ  വീഴുന്നത് എന്ന യാഥാർത്ഥ്യം നില നിൽക്കുന്നുണ്ട്.

സ്ത്രീകളുടെ ഉയർന്ന വിവാഹ പ്രായം 21 ആക്കുക എന്നതാണ് മറ്റൊന്ന് .

ബിരുദം കഴിയുമ്പോൾത്തന്നെ പ്രായം 20 കഴിയുന്നുണ്ട്. 

വിദ്യാഭ്യാസം തന്നെയാണ് ഇക്കാലത്ത് ഒന്നാമതായി പരിഗണിക്കേണ്ടത്.

മാന്യമായ ഒരു ജോലിയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും കുറഞ്ഞത് ഒരു ബിരുദമെങ്കിലും നമ്മുടെ പെൺകുട്ടികൾ കരസ്ഥമാക്കേണ്ടതുണ്ട്.

മാത്രമല്ല ജൻസികൾ എന്ന് വിളിക്കപ്പെടുന്ന ജനററേഷൻ  Z ലെ കുട്ടികളൊക്കെത്തന്നെ കല്യാണത്തിന് മുമ്പ് സാമ്പത്തിക സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ്.

പൊതുവിദ്യാഭ്യാസം  ഇന്ത്യയിൽ അത്ര ദുർബലം ആണെന്ന് പറയാൻ കഴിയില്ല.

അതുകൊണ്ടു തന്നെ  അത്ര ചെലവ് ഒന്നുമില്ലാതെ ബിരുദ പഠനം പൂർത്തിയാക്കാൻ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കു പോലും കഴിയും എന്നാണ് എൻ്റെ വിശ്വാസം.

അതിന് പറ്റാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടോ എന്നെനിക്കറിയില്ല. 

ബിരുദം നേടിയാൽ ജോലി ഉറപ്പാണോ എന്നത് മറ്റൊരു ചോദ്യമാണ്.

എങ്കിലും ഇക്കാലത്ത് ബിരുദം എങ്കിലും അടിസ്ഥാന യോഗ്യതയായി മാറേണ്ടതുണ്ട്.

വധുവിൻ്റെ അച്ഛനമ്മമാരുടെ പേരിൽ പത്തു ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തുക , പ്രണയ വിവാഹിതർക്ക് പാരമ്പര്യ സ്വത്തിലുള്ള അവകാശം എടുത്തു കളയുക തുടങ്ങിയ റാലിക്കാരുടെ ആവശ്യങ്ങൾ ചിരിച്ചു തള്ളാം.

പത്തു ലക്ഷം രൂപയുടെ പരിധി മനസ്സിലാകുന്നില്ല എന്നു മാത്രമല്ല , വധുവിൻ്റെ രക്ഷിതാക്കൾ  ഒരു പ്രശ്നം വന്നാൽ അത്  പെൺകുട്ടിയ്ക്ക് വേണ്ടി ഉപയോഗിക്കും എന്നതിന് എന്തുറപ്പാണ് ?

പ്രണയിച്ചു എന്നു കരുതി പാരമ്പര്യ സ്വത്തിലെ അവകാശം നിഷേധിക്കാനും പാടില്ല.

എൻ്റെ അഭിപ്രായത്തിൽ വെറുതേ ചെന്ന്  രജിസ്റ്റർ ഓഫീസിലോ തദ്ദേശ ഭരണ സ്ഥാപനത്തിലോ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ മറ്റ് ചില കാര്യങ്ങൾ നിയമം മൂലം സ്റ്റേറ്റ് ഉറപ്പ് വരുത്തണം.

ഒന്നാമത് , വധു അല്ലെങ്കിൽ വരൻ ആരെങ്കിലുമൊരാൾ സാലറി സർട്ടിഫിക്കറ്റ് / വരുമാന സർട്ടിഫിക്കറ്റ് ( കൃഷി ഉദാഹരണം )  ഹാജരാക്കിയിരിക്കണം എന്നത് നിർബന്ധമാക്കണം.

രണ്ടു പേർക്ക് ജീവിക്കാനുള്ള തുക ഒരാൾക്കെങ്കിലും സാലറി / വരുമാനം ആയി ലഭിയ്ക്കുന്നു എന്നുറപ്പ് വരുത്തണം.

അല്ലെങ്കിൽ  ഒരഞ്ച് വർഷത്തേയ്ക്ക് ദാരിദ്ര്യമില്ലാതെ ജീവിക്കാനുള്ള തുക തുല്യമായി ഇരുവരുടേയും പേരിൽ സ്ഥിര നിക്ഷേപം ആയി ഉണ്ടായിരിക്കണം.

അത് കഴിഞ്ഞാൽ എന്ത് എന്നതിനുള്ള  ഉത്തരം അവർ ആ അഞ്ചു വർഷത്തിനുള്ളിൽ കണ്ടു പിടിച്ചിരിക്കേണ്ടതാണ്.

ഇതില്ലെങ്കിൽ ഒരു വിവാഹവും രജിസ്റ്റർ ചെയ്തു കൊടുക്കരുത്.

അല്ലാത്തവർ ലിവ് -ഇൻ ( Live-in) ബന്ധങ്ങളിലേയ്ക്ക് പോകട്ടെ.

അതും ഇന്ത്യയിൽ ലീഗൽ ആണല്ലോ.

പലയിടത്തും ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാനും കഴിയും.

അവ രജിസ്റ്റർ ചെയ്യാൻ കഴിയുന്നിടത്തും സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ട ചുമതല സ്റ്റേറ്റിനുണ്ട് എന്നാണ് എൻ്റെ അഭിപ്രായം.

വധൂവരൻമാരുടെ രക്ഷിതാക്കൾക്ക് വിവാഹം സമ്മതമാണോ അല്ലയോ എന്നത് വിഷയമാക്കണ്ട.

എന്നാൽ അത്തരം  ഒന്ന് സംഭവിക്കുമ്പോൾ അത് അവരെ അറിയിക്കാനുള്ള ബാധ്യത പ്രസ്തുത രജിസ്ട്രേഷൻ ഓഫീസിൻ്റേതാക്കി മാറ്റണം.

രേഖാമൂലം ആ വിവരം രക്ഷിതാക്കളെ അറിയിച്ച് ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുവദിയ്ക്കാവൂ.

അതിനിടയിൽ രക്ഷിതാക്കൾക്ക് പരസ്പരം ഇടപെടാനുള്ള അവസരം  ലഭിക്കുമല്ലോ !

ഒരു പക്ഷേ അപ്പോഴും സമ്മതം ഇല്ലെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയും.

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും .

ENGLISH SUMMARY:

Love marriage control is a complex issue involving individual freedoms and societal norms. It necessitates ensuring financial security for couples and protecting women from exploitation, while respecting personal choices.