ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സംഘടിപ്പിക്കാൻ ഒബിസി മോർച്ചയെ ബിജെപി ചുമതലപ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഗുരുദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാം ഒരു വർഗത്തിന്റെ മാത്രം ആളല്ലന്നും നാം ജാതി ഭേദം വിട്ടിട്ടു സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നും ഗുരുദേവൻ അരുള്‍ ചെയ്തതാണ്. അത് നിങ്ങൾക്കിപ്പോഴും അറിയില്ലേ എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.
മുസ്ലിം നാമധാരികളായ ചിലർ ഹിന്ദുക്കൾക്കിടയിൽ പിളർപ്പുണ്ടാക്കാനായി ചില കമന്റുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഞങ്ങളൊക്കെ ഖുറാൻ നന്നായി വായിച്ചു പഠിച്ചതുപോലെ കുമാരനാശാന്റെ "ദുരവസ്ഥ " നിങ്ങളൊന്നു വായിക്കുന്നത് നന്നായിരിക്കും. എന്നിട്ടാകാം കമന്റ്സ്. – സെന്‍കുമാര്‍ കുറിച്ചു.
ഒബിസി മോർച്ച എറണാകുളം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ആറിന് നടക്കാനിരിക്കുന്ന പരിപാടിയെയാണ് സെൻകുമാർ വിമർശിച്ചത്. ആലുവ ഫെഡറൽ ബാങ്ക് ഓഡിറ്റോറിയത്തിലാണ് ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും സാംസ്കാരിക സമ്മേളനവും നടക്കുക. പരിപാടിയുടെ ഉദ്ഘാടകൻ ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനാണ്.