ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കേസെടുത്ത് പൊലീസ്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലായാണ് പൂക്കളത്തിനു സമീപം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നത് . പിന്നാലെ പൂക്കളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്ഥലത്തെത്തി . പൂക്കളം ഉടൻ മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തുന്നതുമായി വിഡിയോ ഇപ്പോള്‍ സൈബറിടത്ത് പ്രചരിക്കുന്നുണ്ട്. എന്നാൽ പൂക്കളം മാറ്റില്ലെന്ന നിലപാടിൽ യുവാക്കൾ ഉറച്ചുനിന്നതോടെ കേസ് എടുക്കുകയായിരുന്നു.
‘ഓപ്പറേഷന്‍ സിന്ദൂര്‍ ഇതില്‍ നിന്ന് മാറ്റണം, തിരുവേണനാളിലാണോ ഓപ്പറേഷന്‍ സിന്ദൂര്‍, മാറ്റണം ഇപ്പോള്‍, എല്ലാം, മാറ്റടോ..’ പൊലീസുകാരന്‍ പറയുന്നു, പൂക്കൾ കൊണ്ടുള്ള ഈ എഴുത്ത് മായ്ച്ചു കളയണമെന്ന് ശാസ്താംകോട്ട പോലീസ് ആവശ്യപ്പെട്ടതോടെ ചെറിയ തോതിലുള്ള വാക്കുതർക്കത്തിന് ഇടയാക്കിയിരുന്നു,
അതേ സമയം പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയപാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സ് സ്ഥാപിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിൻ്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വിമർശനം. പൂക്കളത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നാണ് മറുപടി.