manaf-app

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍  ഒട്ടേറെപ്പേര്‍  ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന വാദം ആവര്‍ത്തിച്ച് ലോറിയുടമ മനാഫ്. ഒരുപാട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്, പക്ഷേ പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്ന് മാത്രമാണ് തന്‍റെ ആവശ്യമെന്ന് മനാഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറ‍ഞ്ഞു. 

മനാഫിന്‍റെ വാക്കുകള്‍ ഇങ്ങനെ: ധര്‍മസ്ഥലയില്‍ സത്യസന്ധമായ നിരവധി കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കൊല്ലപ്പെട്ടത് തന്‍റെ മകള്‍ അല്ലെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നും പറഞ്ഞ സുജാത ഭട്ടിനെ നേരിട്ട് അറിയാമെന്നും അവരുടെ കണ്ണിലെ ദയനീയമായ അവസ്ഥയും കരച്ചിലും കണ്ടാണ് ഒപ്പം നിന്നതെന്നും മനാഫ്  പറയുന്നു.

പത്മലത,വേദവല്ലി, സൗജന്യ, അങ്ങനെ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടിക നീളുകയാണ്. സുജാത ഭട്ടിന്‍റെ പുതിയ മൊഴിയിലെ കാര്യങ്ങളുടെ യഥാര്‍ഥ അവസ്ഥ അറിയില്ല. അവരുടെ കണ്ണില്‍ നോക്കുമ്പോള്‍ ആ വാക്കുകളില്‍ സത്യമുണ്ടെന്നായിരുന്നു തോന്നിയത്. എനിക്കും അമ്മയുള്ളതല്ലേ. അവര്‍ കള്ളിയാണെന്ന് പ്രത്യക അന്വേഷണ സംഘം പോലും പറഞ്ഞിട്ടില്ല. അവരുടെ തലയില്‍ വി കട്ട് ആയി ഒരു വലിയ പരുക്കുണ്ട്. തലയ്ക്കടിച്ച് ബോധം കെടുത്തിയെന്ന അവരുടെ വാക്ക് ശരിവയ്ക്കുന്നതാണത്. അനന്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നു എസ്ഐടി ഇപ്പോഴും തള്ളിയിട്ടില്ല. 

ശുചീകരണത്തൊഴിലാളിയാണ് മലയാളികളെയും താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കേരള സാരി ഉടുത്ത സ്ത്രീകളുടെ മൃതദേഹം മറവുചെയ്തിട്ടുണ്ടെന്നായിരുന്നു അയാള്‍ വെളിപ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ ബന്ധുക്കള്‍ക്ക് നീതി വേണമെന്നില്ല. അതെല്ലാം പൊല്ലാപ്പാകുമെന്നും ഇത്രയും വര്‍ഷങ്ങള്‍ ആയില്ലേ എന്നുമാണ് അവരെ ബന്ധപ്പെട്ടപ്പോള്‍ കാരണമായി പറഞ്ഞത്. 

ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളില്‍ ഇടപെടണമെന്ന് അവിടുത്തെ ആക്ഷന്‍ കമ്മിറ്റിയാണ് എന്നോട് പറഞ്ഞത്. എന്‍റെ വാപ്പായുടെ നാട് അവിടെ അടുത്താണ്. കര്‍ണാടകയിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും. ഈ കൊലപാതകങ്ങളെ കുറിച്ച് അന്നേ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഞാന്‍ മരം എടുക്കുന്ന സ്ഥലം കൂടിയാണ് ധര്‍മസ്ഥല. ഇതെല്ലാം വിശദീകരിച്ച പറയാന്‍ പറ്റില്ലല്ലോ, അവിടെ നടന്നത് സത്യസന്ധമായ കാര്യങ്ങളാണ്. 

ആര്‍എസ്എസ് ഒരുവശത്തും ക്ഷേത്രം ഭരണസമിതി മറ്റൊരു വശത്തുമെന്നാണ് ധര്‍മസ്ഥലയിലെ അവസ്ഥ. ആര്‍എസ്എസ് നേതാക്കളുടെ വശത്താണ് ഞാന്‍ നില്‍ക്കുന്നത്. എന്തുതന്നെ ആയാലും അവിടെ ആളുകളെ കൊന്ന് കുഴിച്ചിട്ടിട്ടുണ്ട്. അത് വാസ്തവമാണ്. അതുകൊണ്ടാണല്ലോ അസ്ഥികൂടങ്ങള്‍ കിട്ടിയത്. ശുചീകരണത്തൊഴിലാളി പറഞ്ഞത് സത്യമാണെന്നല്ലേ അതിനര്‍ഥം.  ഇനി ആക്ഷന്‍ കമ്മിറ്റി പറഞ്ഞതെല്ലാം കളവാണെങ്കില്‍ അതും തെളിയിക്കപ്പെടട്ടെ. അങ്ങനെയെങ്കില്‍ അസ്ഥികൂടങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും തെളിയിക്കട്ടെ. അവര്‍ക്കുള്ള ശിക്ഷ കിട്ടണം. അതിലൊന്നിലും നമുക്ക് എതിര്‍പ്പില്ല.ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം. സത്യം തെളിയണമെന്ന് മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ. അത് ജനങ്ങളെ അറിയിക്കാനേ ശ്രമിച്ചിട്ടുള്ളൂ'- മനാഫ് കൂട്ടിച്ചേര്‍ത്തു. കേസിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ധര്‍മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് വന്‍ ട്വിസ്റ്റാണ് ഉണ്ടായത്. കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ശുചീകരണ തൊഴിലാളി തനിക്കെതിരെ ഉയർന്നിരുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിലപാട് മാറ്റി. തനിക്ക് തലയോട്ടി നൽകിയത് മഹേഷ് തിമരോടിയാണെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇത് തിമറോഡിയുടെ തോട്ടത്തിൽ നിന്ന് എടുത്തതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതോടെ തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനിച്ചു. തിമറോഡിയുടെ തോട്ടത്തിലെ മണ്ണുമായി ഇത് ഒത്തുനോക്കും. കേസിലെ മറ്റൊരു പരാതിക്കാരിയായ അനന്യ ഭട്ടിന്‍റെ അമ്മയെന്ന് അവകാശപ്പെട്ടിരുന്ന സുജാത ഭട്ട് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ താന്‍ വ്യാജ പരാതി നല്‍കിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കങ്ങളെ തുടര്‍ന്നാണ് താന്‍ കള്ളപ്പരാതി നല്‍കിയതെന്നും അനന്യയെന്ന മകള്‍ തനിക്കില്ലെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 

ENGLISH SUMMARY:

Dharmasthala murders are a focus as allegations of numerous suspicious deaths in Dharmasthala, Karnataka, resurface. The lorry owner, Manaf, insists on the truth and a thorough investigation into the unexplained deaths.