വൈദ്യപഠനവും സിവിൽ സർവീസ് മോഹവും മുതൽ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വരെയുള്ള സരിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള ഡോ. സൗമ്യ സരിന്റെ 2021ലെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. ഡോക്ടറായ ശേഷം സരിൻ വളരെ അസ്വസ്ഥനായിരുന്നുവെന്നും, ഒരു സന്തോഷവും ഇല്ലായിരുന്നുവെന്നും അവർ കുറിച്ചു. എന്നും ജനങ്ങളുടെ ഇടയിൽ നിന്ന്‌ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ച സരിനെ ഓഫീസിന്റെ നാല് ചുമരുകൾ ഒരുപാട് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. 

ഞങ്ങളുടെ ദിനങ്ങളിൽ നിന്ന്‌ സന്തോഷവും പ്രണയവുമെല്ലാം ചോർന്നു പോകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു പാട് വായിച്ചിരുന്ന, ക്വിസ് ചാമ്പ്യൻ ആയിരുന്ന സരിൻ ഒരു ന്യൂസ്‌പേപ്പർ പോലും വായിക്കാൻ മടിക്കുന്നു എന്നെനിക്ക് മനസ്സിലായി. ഒരു യന്ത്രം പോലെ രാവിലെ ഓഫീസിലേക്ക് പോകുന്നു, വൈകുന്നേരം തിരിച്ചു വരുന്നു! മുന്നേ പറഞ്ഞാ എല്ലാ സുഖസൗകര്യങ്ങളും അപ്പോഴും ഉണ്ടായിരുന്നു. പക്ഷെ ജീവിതം കൈവിട്ടു പോകുകയായിരുന്നു. 

" നമുക്ക് ഈ ജോലി വേണ്ട! നാട്ടിലേക്ക് പോകാം. ഞാൻ ഒരു ജോലിക്ക് കയറാം. കണ്ണൻ കണ്ണന്റെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യ്. കുടുംബത്തെ പറ്റി ആവലാതിപ്പെടേണ്ട. ഞാൻ നോക്കിക്കോളാം! ". രണ്ടും കല്പിച്ചു ഞാൻ പറഞ്ഞു. അന്ന് സരിന്റെ കണ്ണുകളിൽ എത്രയോ കാലത്തിനു ശേഷം നഷ്ടപെട്ട ആ പ്രണയം ഞാൻ കണ്ടു! ചിറകുകൾ കൂട്ടിക്കെട്ടിയ ഒരു പക്ഷിയെ തുറന്നു വിട്ട പോലെയായിരുന്നു അത്!. നാട്ടിൽ വന്നതിന് ശേഷം സരിൻ അനുഭവിച്ച കാര്യങ്ങൾ കണ്ട് താൻ കരഞ്ഞിട്ടുണ്ടെന്നും അവർ കുറിച്ചു. 

പോസ്റ്റിന്റെ പൂർണരൂപം 

" പ്രേമിച്ച കാലത്തെ സ്നേഹോന്നും ഇപ്പൊ ഇല്ല.. അന്നെന്തൊക്കെ ആയിരുന്നു! ഒക്കെ വെറുതെ ആയിരുന്നല്ലേ? കല്യാണം കഴിഞ്ഞതോടെ എല്ലാം തീർന്നു. " നമ്മൾ എപ്പോഴും പറയുന്ന/ അല്ലെങ്കിൽ കേൾക്കുന്ന ഒരു പരാതി അല്ലേ അത്. പ്രത്യേകിച്ച് പ്രണയവിവാഹങ്ങളിൽ! ഞാനും പറഞ്ഞിട്ടുണ്ട് ഒരു പാട് തവണ! 

ഇത് എന്ത് കൊണ്ടാകാം? ഇന്ന് ഞാൻ എന്റെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നിക്കുമ്പോ എനിക്ക് കിട്ടുന്ന ചില ഉത്തരങ്ങൾ ഇവിടെ കുറിക്കാം. 

പ്രേമിച്ചു നടന്ന കാലത്ത് തന്നെ സരിൻ തന്റെ ഭാവിയെ പറ്റി വളരെ വ്യക്തത പുലർത്തിയിരുന്ന ആളായിരുന്നു. ഡോക്ടർ വിഭാഗത്തിന് പഠിക്കുമ്പോഴും അത് കഴിഞ്ഞു സിവിൽ സെർവീസ് എന്നും അതിന് ശേഷം പൊതുപ്രവർത്തനം എന്നുമൊക്കെ സ്പഷ്ടമായി എന്നോട് പറഞ്ഞതാണ്. ഡോക്ടർ ദമ്പതികൾ എന്ന സുഖലോലുപത പ്രതീക്ഷിക്കരുത് എന്ന് ചുരുക്കം!  അന്നൊക്കെ ഞാനും വളരെ എക്സൈറ്റഡ് ആയി എല്ലാത്തിനും സമ്മതം മൂളി.

സരിൻ വൈദ്യപഠനം കഴിഞ്ഞു ഡൽഹിയിലേക്ക് പോയി. ഹൌസ് സർജെൻസിയുടെ കൂടെ തന്നെ സിവിൽ സെർവീസ് കോച്ചിങ്ങിനും പോയി തുടങ്ങി. ആദ്യ ചാൻസിൽ തന്നെ സിവിൽ സെർവീസ് പരീക്ഷ പാസ് ആയി ഇന്ത്യൻ അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിങ് സർവീസിൽ പോസ്റ്റിങ്ങ് ലഭിച്ചു. ഞാൻ വളരെ ഹാപ്പി! അപ്പോഴേക്കും കല്യാണനിശ്ചയം കഴിഞ്ഞിരുന്നു. വൈകാതെ കല്യാണവും. എല്ലാം ശുഭം! പയ്യൻ ഡോക്ടർ, അതും കൂടാതെ രാജ്യത്തെ ഏറ്റവും ഉന്നതമായ ജോലികളിൽ ഒന്നായി കണക്കാക്കുന്ന സിവിൽ സർവീസിൽ പ്രവേശനവും ലഭിച്ചിരിക്കുന്നു. ഇനിയെന്ത് വേണം!

ശിശുരോഗവിഭാഗത്തിലെ എന്റെ പി. ജി കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞപ്പോഴേക്കും സരിന്റെ ട്രെയിനിങ്ങും കഴിഞ്ഞു. ആദ്യ പോസ്റ്റിങ്ങ് തിരുവനന്തപുരം! ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയി. ഞാൻ ജില്ലാ ആശുപത്രിയിലും ചേർന്നു. സന്തോഷജീവിതം! സർക്കാർ ചിലവിൽ താമസം, കാർ , ഡ്രൈവർ അങ്ങിനെ എല്ലാം. സംഗതി കൊള്ളാല്ലോ എന്ന് എനിക്കും തോന്നിത്തുടങ്ങി. പതുക്കെ പതുക്കെ പഴയ സ്വപ്നങ്ങളെ ഞാൻ മറന്ന്‌ തുടങ്ങി. ഇത്രയും സുഖസൗകര്യങ്ങളും പദവിയും ഉള്ള ജോലി സരിൻ ഒരിക്കലും കളയില്ല എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. പൊതുപ്രവർത്തനവും രാഷ്ട്രീയവുമൊക്കെ ഇനി മറന്നോളും എന്ന് കരുതി. വൈകാതെ ഞങ്ങൾക്ക് ബാംഗ്ലൂർക്ക് ട്രാൻസ്ഫർ ആയി

പക്ഷെ സരിൻ വളരെ അസ്വസ്ഥനായിരുന്നു. ഒരു സന്തോഷവും ഇല്ല. എന്നും ജനങ്ങളുടെ ഇടയിൽ നിന്ന്‌ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ച സരിനെ ഓഫീസിന്റെ നാല് ചുമരുകൾ ഒരുപാട് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. " എനിക്ക് പറ്റുന്നില്ല " എന്ന് പലതവണ എന്നോട് പറയുന്നുണ്ടായിരുന്നു. പക്ഷെ സ്വാർത്ഥയായ എന്തൊരു ഭാര്യയെയും പോലെ അതൊക്കെ ഞാൻ കണ്ടില്ലെന്നു നടിച്ചു. ഒരു കുടുംബം നോക്കേണ്ടതാണ് എന്ന ക്ളീഷേ ഡയലോഗിൽ സരിനെ പിടിച്ചു കെട്ടി. ' ഒരു പെൺകുട്ടി ആണ് വളർന്നു വരുന്നത്....വെറുതെ കളിക്കരുത്! " എന്ന് ചുറ്റും നിന്ന്‌ ബാക്കിയുള്ളവരും ഏറ്റു പാടി.

ജീവിതം മുന്നോട്ട് പോയി. പക്ഷെ ഞങ്ങളുടെ ദിനങ്ങളിൽ നിന്ന്‌ സന്തോഷവും പ്രണയവുമെല്ലാം ചോർന്നു പോകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു പാട് വായിച്ചിരുന്ന , ക്വിസ് ചാമ്പ്യൻ ആയിരുന്ന സരിൻ ഒരു ന്യൂസ്‌പേപ്പർ പോലും വായിക്കാൻ മടിക്കുന്നു എന്നെനിക്ക് മനസ്സിലായി. ഒരു യന്ത്രം പോലെ രാവിലെ ഓഫീസിലേക്ക് പോകുന്നു, വൈകുന്നേരം തിരിച്ചു വരുന്നു! മുന്നേ പറഞ്ഞാ എല്ലാ സുഖസൗകര്യങ്ങളും അപ്പോഴും ഉണ്ടായിരുന്നു. പക്ഷെ ജീവിതം കൈവിട്ടു പോകുകയായിരുന്നു.

ഞാൻ ചിന്തിച്ചു തുടങ്ങി. ഈ സരിനെ ആയിരുന്നോ ഞാൻ ഇഷ്ടപെട്ടത്? ഈ സരിനെ കിട്ടാനായിരുന്നോ ഞാൻ ഞാൻ ഒറ്റക്കാലിൽ നിന്നത്? അല്ല! ഞാൻ ഇഷ്ടപ്പെട്ടിരുന്ന സരിൻ ഇതല്ല. ചിന്തകളിൽ വ്യത്യസ്തനായിരുന്ന, മുൻശുണ്ഠിക്കാരനായിരുന്ന, എന്തും വ്യത്യസ്തമായി ചെയ്യണം എന്നാഗ്രഹിച്ചുരുന്ന, ഈ ലോകത്തിന്‌ ഞാൻ കാരണം എന്തെങ്കിലും മാറ്റം കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന സരിനെ ആയിരുന്നു. ആ സരിനെ നഷ്ടപ്പെടുകയാണ്. ഇത് മറ്റാരോ ആണ്!

" നമുക്ക് ഈ ജോലി വേണ്ട! നാട്ടിലേക്ക് പോകാം. ഞാൻ ഒരു ജോലിക്ക് കയറാം. കണ്ണൻ കണ്ണന്റെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യ്. കുടുംബത്തെ പറ്റി ആവലാതിപ്പെടേണ്ട. ഞാൻ നോക്കിക്കോളാം! "

 രണ്ടും കല്പിച്ചു ഞാൻ പറഞ്ഞു. അന്ന് സരിന്റെ കണ്ണുകളിൽ എത്രയോ കാലത്തിനു ശേഷം നഷ്ടപെട്ട ആ പ്രണയം ഞാൻ കണ്ടു! ചിറകുകൾ കൂട്ടിക്കെട്ടിയ ഒരു പക്ഷിയെ തുറന്നു വിട്ട പോലെയായിരുന്നു അത്! 

നാട്ടിൽ വന്നതിന് ശേഷം സരിൻ അനുഭവിച്ച കാര്യങ്ങൾ കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട്.  സ്വന്തം ലക്ഷ്യങ്ങളിലേക്ക് എത്താനുള്ള വഴിയിൽ ചവിട്ടുന്ന മുള്ളുകൾ എന്നെയും നോവിച്ചിട്ടുണ്ട്. എത്രയോ തവണ ഞാൻ ചോദിച്ചിട്ടുണ്ട്,   

"വേണോ നമുക്കിത്? " 

അപ്പോൾ ഒന്നും ആ കണ്ണിൽ നിരാശയുടെ ഒരു ലാഞ്ചന പോലും ഞാൻ കണ്ടിട്ടില്ല. " ഞാൻ ഇപ്പോൾ ഹാപ്പി ആണ്. ഞാൻ ആഗ്രഹിച്ചതാണ് ഞാനിപ്പോൾ ചെയ്യുന്നത്. അത് മതി! " എന്ന ഉത്തരം മാത്രമേ കഴിഞ്ഞ ആറു കൊല്ലമായി ഞാൻ കേട്ടിട്ടുള്ളു. അതിനിയും അങ്ങിനെ തന്നെ ആയിരിക്കും. 

കൂട്ടിൽ അടക്കാതെ സ്വതന്ത്രമായി വിടുക. ആ സ്നേഹം നിങ്ങൾക്കുള്ളതാണെങ്കിൽ അത് നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും! 

അല്ലാത്തതൊന്നും പ്രണയമായിരുന്നില്ല!  

ENGLISH SUMMARY:

Dr. Soumya Sarin's Facebook post about her husband Sarin's transition from a doctor with civil service aspirations to a politician is going viral. It highlights Sarin's unhappiness in his previous career and his eventual pursuit of a life dedicated to serving the people, supported by his wife's unwavering belief in his dreams.