ഓണസദ്യയ്ക്ക് പച്ചക്കറിക്കൂട്ടുകൾ അരിഞ്ഞ് വൃത്തിയാക്കി പായ്ക്കറ്റിൽ കൊടുത്ത് കച്ചവടം പൊടിപൊടിക്കുകയാണ് കോട്ടയം പാമ്പാടിയിൽ. മൂന്നു മാസമായി നാട്ടിൽ ഹിറ്റായ റെഡി ടു കുക്ക് വിപണനശാലയാണ് ഇപ്പോൾ ഓണസദ്യയ്ക്കും വിഭവങ്ങൾ അരിഞ്ഞിടുന്നത്.
അവിയലിനും സാമ്പാറിനും തോരനുമൊക്കെ ഇവിടെ ഇങ്ങനെ കുറച്ചു പേർ പച്ചക്കറി അരിഞ്ഞു തളളുകയാണ്. പാമ്പാടി സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ സംരഭമാണിത്. കടയിൽ പോയി പച്ചക്കറി വാങ്ങിച്ച് വീട്ടിലെത്തി കഴുകി വൃത്തിയാക്കി ഓരോ വിഭവത്തിനുമായി അരിയാനൊക്കെ സമയമില്ലാത്തവർക്ക് ഇവിടേക്ക് വരാം. ആവശ്യമുള്ള പച്ചക്കറിക്കൂട്ട് വാങ്ങി പാചകം ചെയ്താൽ മാത്രം മതി. വിലയും തുച്ഛം.
ഉത്രാട ദിവസത്തെ സ്പെഷൽ പച്ചക്കറിക്കൂട്ടുകൾക്ക് ഇതിനോടകം 200 ലധികം പേരാണ് മുൻകൂട്ടി ഓർഡർ ചെയ്തത്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലാണ് വിപണനകേന്ദ്രം. പച്ചക്കറിക്കിറ്റുകളും വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്.